ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബം നടുറോഡില്‍ ആക്രമിക്കപ്പെട്ടു.
കസവനഹള്ളിയില്‍ ചൂഢസാന്ദ്രയില്‍ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു.അമൃത കോളജിന് സമീപം കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയില്‍ ഐ.ടി കമ്പിനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്ബനി ജീവനക്കാരിയായ ഭാര്യ ജിസും മക്കള്‍ സെലസ്റ്റെ (11), മകൻ സ്റ്റിവ് (അഞ്ച്) എന്നിവരുമായി ഷോപ്പിങ് നടത്തി മടങ്ങവെ താമസസ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെയാണ് അക്രമം അരങ്ങേറിയത്.
ചൂഢസാന്ദ്രയിലെ മെയിൻ റോഡില്‍നിന്ന് രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ ബൈക്കില്‍ പിന്നാലെയെത്തിയ രണ്ടുപേർ മുന്നിലുണ്ടായിരുന്ന ബലേനോ കാർ തടഞ്ഞുനിർത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു. എന്നാല്‍, ഡ്രൈവർ തയാറായില്ല. അക്രമികള്‍ കല്ലെടുക്കാൻ കുനിഞ്ഞപ്പോള്‍ ബലേനോ കാർ അതിവേഗം ഓടിച്ചു രക്ഷപ്പെട്ടു.
ഇതോടെ കല്ലുമായി അക്രമികള്‍ പിന്നിലുണ്ടായിരുന്ന അനൂപിന്റെ കാറിനു നേരെ വന്നു. ഇതോടെ അപകടം മണത്ത അനൂപ് ഭാര്യയോട് മൊബൈല്‍ ഫോണില്‍ വിഡിയോ പകർത്താൻ നിർദേശിച്ചു.
അക്രമികള്‍ ഡ്രൈവർ സീറ്റിനരികിലെത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ കുടുംബം കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ അക്രമികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലെറിയുകയായിരുന്നു.
ഗ്ലാസ് കഷണങ്ങള്‍ തലയിലും ദേഹത്തും തറച്ചാണ് കുഞ്ഞിന് പരിക്കേറ്റത്. കസവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്റ്റീവിന് തലയില്‍ മൂന്ന് തുന്നലുണ്ട്.
സംഭവസ്ഥലത്ത് വെളിച്ചമുണ്ടായിരുന്നെന്നും അക്രമം നടക്കുമ്പോള്‍ സമീപത്തെ കടയിലുള്ളവരടക്കം നാട്ടുകാർ നോക്കിനില്‍ക്കുകയായിരുന്നെന്നും അനൂപ് പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് സംഭവസ്ഥലത്തെത്തി. അനൂപിന്റെയും ഭാര്യ ജിസിന്റെയും പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. ഒളിവില്‍ പോയ രണ്ടാമനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.