പാലക്കാട്: ചാവക്കാട് സ്വദേശിയായ അന്തരിച്ച പ്രമുഖ ചിത്രകാരന്റെ ഭാര്യയെ വെര്‍ച്വല്‍ അറസ്റ്റിലെന്ന് തെറ്റിദ്ധരിപ്പിച്ച് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം തുടങ്ങി.
ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി വനിതയുടെ പരാതിയില്‍ ബംഗളൂരു പൊലീസിന്റെ സൈബര്‍ ക്രൈം സ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.ഈ മാസം 20ന് ആണ് സംഭവം. ആലത്തൂരിലുള്ള ബന്ധുവിനോടു വിവരം പറഞ്ഞപ്പോഴാണ് അറസ്റ്റ് തട്ടിപ്പാണെന്നു വ്യക്തമായത്. തുടര്‍ന്നു കഴിഞ്ഞദിവസം ബംഗളൂരു സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റുകിട്ടിയ തുകയാണു നഷ്ടമായതെന്നു പരാതിയില്‍ പറയുന്നു.
ലോകത്തിലെ വിവിധയിടങ്ങളില്‍ ഇവര്‍ പെയ്ന്റിങ് ലേലത്തില്‍ വയ്ക്കാറുണ്ട്. അടുത്തിടെ വില്പനയ്ക്കായി കുറച്ചു പെയിന്റിങ് കുറിയര്‍ വഴി മലേഷ്യയിലേക്ക് അയച്ചു. ഇതില്‍ ലഹരിമരുന്നു കണ്ടെത്തിയെന്നു പറഞ്ഞാണു സിബിഐ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ സംഘം ഫോണില്‍ വിളിച്ചത്.
ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍, ജഡ്ജി എന്നൊക്കെ പരിചയപ്പെടുത്തി വാട്സ്ആപ്പ് വിഡിയോ കോളും എത്തി. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു ചോദ്യംചെയ്യല്‍. മുറിയില്‍ നിന്നു പുറത്തുപോകാനാ കോള്‍ കട്ട് ചെയ്യാനോ സമ്മതിച്ചില്ല. അങ്ങനെ ചെയ്താല്‍ അറസ്റ്റ് ചെയ്തു മാധ്യമങ്ങളില്‍ വാര്‍ത്ത നല്കുമെന്നു ഭീഷണിപ്പെടുത്തി.
വെള്ളംകുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും അനുവദിക്കാതെ 3 മണിക്കൂര്‍ ചോദ്യംചെയ്യല്‍ തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അറിയിക്കുകയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
80 ലക്ഷം രൂപ മാത്രമേ അക്കൗണ്ടില്‍ ഉള്ളൂ എന്ന് അറിയിച്ചതോടെ ആ പണം ഗഡുക്കളായി അയയ്ക്കാന്‍ ആവശ്യപ്പെട്ടു. 8 തവണകളായി ഡല്‍ഹിയിലുള്ള എട്ടു അക്കൗണ്ടുകളിലേക്കാണു പണം കൈമാറിയതെന്നു പരാതിയിലുണ്ട്.
പണം കൈമാറിയ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.