കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും എൻ ഡി എ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളായ പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബി ജെ പിക്ക് അനുകൂലമാണ്.
എൽ ഡി എഫിന് പകരം യു ഡി എഫ്, യു ഡി എഫിനു പകരം എൽ ഡി എഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ മൂന്ന് ഉപതെരഞ്ഞെടുപ്പോടും കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് എൽ ഡി എഫിനും യു ഡി എഫിനും എതിരെയുള്ള പൊതുജനാഭിപ്രായമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ. എന്നാൽ സർക്കാറിന് കവചം ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
എൻ ഡി എ മുന്നണിയുടെ സ്ഥാനാർത്ഥികളെ പാർലമെൻ്ററി ബോർഡ് ഡൽഹിയിൽ തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വം ആയിരിക്കും. പാലക്കാട് ഇന്ത്യ മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പിനെ വിജയിപ്പിക്കാൻ ശ്രമിച്ചത് സി പി എമ്മുകാരാണ്. ഇത്തവണയും ആത്മഹത്യാപരമായ നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്.
എൽ ഡി എഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ എ ഡി എമ്മിൻ്റെ മരണം ദാരുണമായ സംഭവമാണ്. അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ നടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എ ഡി എം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല.
അനധികൃത കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അനുമതി തേടിയ ആളും അടുത്ത സുഹൃത്തുക്കളാണ്. ഈ പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിൻ്റേതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവർ ഇത്രയും വാശി എ ഡി എമ്മിനോട് കാണിച്ചത്. ട്രാൻസ്ഫർ മുമ്പ് ഭീഷണിപ്പെടുത്തിയതാണ്
അവനെക്കൊണ്ട് ഫയലിൽ ഒപ്പുവെച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തി അപമാനിക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പാർട്ടിക്ക് അകത്തും ആക്ഷേപമുണ്ട്. അവർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നും ബിനാമി പേരിൽ പല സ്ഥാപനങ്ങളും അവർക്ക് ഉണ്ടെന്നും പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. അഹങ്കാരത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും പ്രതീകമായ ദിവ്യ ഉടൻ രാജിവെക്കണം. അവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം എന്നും ബി ജെ പി അധ്യക്ഷൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.