കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പുറത്ത് വന്ന ഡിസിസിയുടെ കത്തിൽ ചർച്ചകൾ തുടരുമ്പോൾ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിൽ നിരവധി പേരുകൾ ചർച്ച ചെയ്യും. ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കൃഷ്ണകുമാർ ഉൾപ്പെട്ടവരുടെ പേരുകളാണ് ബിജെപി പരിഗണിച്ചത്. ശോഭ സുരേന്ദ്രൻ്റെ ബോർഡു വരെ വച്ചില്ലേ, പിന്നീട് കത്തിച്ചു കളയുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു. വി ഡി സതീശൻ്റെ പദ്ധതിയാണ് രാഹുൽ മാങ്കൂറ്റത്തിൻ്റെ സ്ഥാനാർത്ഥി എന്ന ഗോവിന്ദൻ പറഞ്ഞത്.
ഇയാൾക്ക് നാണമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപിയിൽ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോൺഗ്രസ് വിട്ടെത്തി വാതിൽക്കൽ മുട്ടിയവൻ 24 മണിക്കൂറിനകം സീറ്റ് നൽകിയ ഗോവിന്ദൻ വി ഡി സതീശൻ്റെ പ്ലാൻ ആണെന്ന് പറയാൻ നാണമില്ലേ. അവിടെ സിപിഎം ചർച്ച നടത്തിയത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ. ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻ്റെയും എം ബി രാജേഷിൻ്റെ അളിയൻ്റെയും പേരല്ലേ ചർച്ച നടത്തിയത്. എന്നിട്ട് അവരാരും സ്ഥാനാർത്ഥിയായില്ലല്ലോ എന്നും സതീശൻ ചോദിച്ചു.
കോൺഗ്രസ് രാഹുൽ മാങ്കൂത്തത്തിൽ ഉൾപ്പെട്ടവരുടെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയും ബിജെപി ജില്ലാ കമ്മിറ്റിയും നിർദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാർത്ഥി. എല്ലാ പാർട്ടികളുടെയും ജില്ലാ കമ്മിറ്റികളുടെ പേരുകൾ നിർദ്ദേശിക്കും. ഡിസിസി അധ്യക്ഷൻ മൂന്ന് പേരുകൾ നിർദ്ദേശിച്ചു. അതിൽ ഒരാളാണ് സ്ഥാനാർത്ഥി. അതിൽ എന്ത് വാർത്തയുണ്ട്. അങ്ങനെയെങ്കിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥി ആക്കാതെ ഇപ്പോൾ ഉള്ളയാളെ സ്ഥാനാർത്ഥിയാക്കിയതിനെ കുറിച്ചും വാർത്ത ചെയ്യേണ്ടതുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം.
വെള്ളം കോരിയും വിറക് വെട്ടിയും നടന്നവരെയൊന്നും പരിഗണിക്കാതെ ബിജെപിയും കോൺഗ്രസും സീറ്റ് നൽകാത്ത ആൾക്ക് സീറ്റ് നൽകിയ നാണം കെട്ട പാർട്ടിയാണ് സിപിഎം. യുഡിഎഫ് മത്സരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ചെറുപ്പക്കാരും വനിതകളും ഇല്ലല്ലോയെന്ന് ചോദ്യമുണ്ടായി.
അന്ന് സിറ്റിങ് എംപിമാർ മത്സരിച്ചപ്പോൾ ഷാഫി പറമ്പിലിന് മാത്രമാണ് പുതുതായി സീറ്റ് നൽകാൻ സാധിച്ചത്. അത് ആദ്യം കിട്ടുന്ന അവസരത്തിൽ തിരുത്തുമെന്ന് അന്ന് പറഞ്ഞതാണ്. ഇത്തവണത്തെ ചെറുപ്പക്കാരായ രണ്ടുപേർക്ക് കോൺഗ്രസ് സീറ്റ് നൽകിയെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യപിച്ച മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്ന് വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നുമാണ്.
ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ്. ത്രിതല അന്വേഷണം നടക്കുമ്പോൾ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാൽ അന്വേഷണത്തിൽ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. പൂരം കലക്കിയതല്ലെന്ന് സിപിഐക്കാർ പറയട്ടെ. മന്ത്രി കെ രാജൻ പൂരം കലക്കിയതാണെന്നാണ് നിയമസഭയിൽ പറഞ്ഞത്. തൃശൂരിലെ എൽഡിഎഫ്എ ബാലചന്ദ്രനും നിയമസഭയിൽ പറഞ്ഞത് പൂരം കലക്കിയതാണെന്നാണ്.
വത്സൻ തില്ലങ്കേരിയാണ് കലക്കിയതെന്നു പറഞ്ഞിട്ട് അയാൾക്കെതിരെ കേസെടുത്തോയെന്നും സതീശൻ ചോദിച്ചു. മന്ത്രിമാരോട് പൊലീസ് പോകണമെന്ന് പറഞ്ഞ സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപിയെ ആർഎസ്എസ് നേതാവിൻ്റെ അകമ്പടിയോടെ, മുന്നിലും പിന്നിലും പൊലീസുമായി നാടകീയമായി രംഗത്തിറങ്ങി. സുരേഷ് ഗോപിക്ക് സിനിമയിൽ പോലും അഭിനയിക്കാത്ത തരത്തിൽ നാടകീയമായി രംഗത്തെത്താൻ രക്ഷകവേഷം കെട്ടിയത് ആരാണെന്നും സതീശൻ ചോദ്യം ഉന്നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.