യുകെ: നമ്മള്‍ നടന്നു പോകുന്നതിനിടെ പെട്ടെന്ന് മണ്ണിനടിയില്‍ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടില്‍ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകള്‍. ഒപ്പം അഴുകിയ ജഡത്തിന്റെ ദുർഗന്ധവും.
മനക്കട്ടി ഇല്ലാത്തവരാണെങ്കില്‍ ഈ ഒരൊറ്റ കാഴ്ചയില്‍ ബോധം പോകുമെന്ന് ഉറപ്പ്. അതുകൊണ്ട് ഈ അപൂർവ കാഴ്ചയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് യുകെ ഭരണകൂടം. കൂണ്‍വർഗത്തില്‍ പെട്ട ഒരു ഇനമാണ് പ്രേത സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ കാഴ്ച ഒരുക്കുന്നത്.വിചിത്ര രൂപത്തിലുള്ള വിരലുകളുടെ ആകൃതിയായതിനാല്‍ തന്നെ ഡെവിള്‍സ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകള്‍ എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ക്ലാത്റസ് ആർച്ചറി എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. യുകെയിലെ ന്യൂ ഫോറസ്റ്റ് മേഖലയില്‍ ഈ കൂണ്‍ വർഗത്തെ കണ്ടെത്തിയതായി ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പുല്ലുകള്‍ നിറഞ്ഞ മേഖലയിലൂടെ നടന്നു പോകുന്നതിനിടെ ജൂലിയ റോസർ എന്ന 67 കാരിയാണ് ചെകുത്താന്റെ വിരലുകള്‍ കണ്ടത്. ഇപ്പോള്‍ ഇവയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നുണ്ട്. കൂണിനം ആണെങ്കിലും യുകെയില്‍ ഇവയെ കണ്ടെത്തുന്നത് അത്ര സാധാരണമല്ല.
പൊതുവേ ഒക്ടോബർ അവസാനത്തോടെയാണ് ഇവ പൊട്ടിമുളക്കുന്നത്. എന്നാല്‍ കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം മൂലം സെപ്റ്റംബറില്‍ തന്നെ മണ്ണില്‍ കൂടുതല്‍ ഈർപ്പം നിറഞ്ഞുനില്‍ക്കുന്നത് കൊണ്ടാവാം അവ നേരത്തെ മുളച്ചത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവില്‍ യുകെയിലാണ് കണ്ടെത്തിയിരിക്കുന്നതെങ്കിലും ന്യൂസിലൻഡും ഓസ്ട്രേലിയയുമാണ് ഈ കൂണുകളുടെ ജന്മദേശം.
ഒന്നാംലോക മഹായുദ്ധകാലത്ത് സൈനിക സാമഗ്രികള്‍ക്കൊപ്പം കടന്നുകൂടി ഇവ ഫ്രാൻസില്‍ എത്തിപ്പെടുകയായിരുന്നു. ബ്രിട്ടനില്‍ 1914 ലാണ് ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് എന്ന് വന്യജീവി സംഘടനകള്‍ വ്യക്തമാക്കുന്നു. മണ്ണിന് പുറത്തേയ്ക്ക് കാണപ്പെടുന്ന കൂണിന്റെ പ്രധാന ഭാഗം ചുവന്ന നിറത്തില്‍ നീണ്ട് വളഞ്ഞിരിക്കുന്നവയാണ്. വിരലുകള്‍ക്ക് പുറമേ നീരാളികളുടെ കൈകളോടും ഇവ ഉപമിക്കപ്പെടുന്നുണ്ട്.
വിചിത്ര ആകൃതിയും അതില്‍ നിന്നുവരുന്ന ദുർഗന്ധവും മൂലം ഒക്ടോപ്പസ് സ്റ്റിങ്ക്ഹോണ്‍, ഒക്ടോപ്പസ് ഫംഗസ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ഈ കൂണുകള്‍ മുളയ്ക്കുന്ന രീതിയിലുമുണ്ട് പ്രത്യേകത.
നേർത്ത ആകൃതിയില്‍ ജലാറ്റിൻ പോലെ തോന്നിപ്പിക്കുന്ന ഒരു മുട്ടയില്‍ നിന്നുമാണ് ഇവ മുളച്ച് പുറത്തേക്ക് വരുന്നത്. തണ്ടു ഭാഗത്തിന് അഞ്ചു സെൻറീമീറ്റർ വരെ ഉയരം ഉണ്ടാകും. എന്നാല്‍ വിരലുകള്‍ പോലെ നീണ്ട ഭാഗങ്ങള്‍ ഏഴു സെൻ്റിമീറ്റർ നീളത്തില്‍ വരെ വളരുന്നവയാണ്. ചുരുങ്ങിയത് നാല് വിരലുകള്‍ വരെ ഇവയ്ക്കുണ്ടാവും. മരങ്ങള്‍ നിറഞ്ഞ മേഖലകളില്‍ കൊഴിഞ്ഞു കിടക്കുന്ന ഇലകള്‍ക്കടിയില്‍ നിന്നുമാണ് ഇവ മുളച്ചു പൊങ്ങി വരുന്നത്.
കൂണുകള്‍ ദുർഗന്ധം പുറപ്പെടുവിക്കുന്നത് പരാഗണം നടത്താനുള്ള അവയുടെ തന്ത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അഴുകിയ മാംസത്തിന്റെ ഗന്ധം ഇതിലേയ്ക്ക് പ്രാണികളെ ആകർഷിക്കും. ഇവ വഴി ബീജങ്ങള്‍ പരക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.