തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണികള്‍ നടത്താനൊരുങ്ങുന്നു. ബിഎസ്‌എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാള്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതിനാലാണ് പോലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുത്തുന്നത്.
നിധിൻ അഗർവാളിനെ കേരളത്തിലേക്കയച്ചെങ്കിലും അവധിയില്‍ പോയിരുന്നു. ഈ മാസം പകുതിയോടെ അവധി തീരുന്നതിനാല്‍ കേരളത്തില്‍ എത്തും.നിധിൻ അഗർവാള്‍ കേരളത്തിലെത്തുന്നതോടെ അദ്ദേഹമായിരിക്കും ഏറ്റവും സീനിയർ ഡിജിപി. നിലവില്‍, സംസ്ഥാന പൊലീസ് മേധാവിയെക്കാളും സീനിയറാണ് ഫയർഫോഴ്സ് ഡിജിപി കെ.പത്മകുമാർ. അദ്ദേഹത്തെക്കാളും സീനിയറാണ് നിധിൻ അഗർവാള്‍. ഇതോടെ നിധിന് സ്വതന്ത്ര ചുമതലതന്നെ നല്‍കേണ്ടിവരും.
അങ്ങനെ വന്നാല്‍ ജയില്‍ മേധാവിയായി നിയമിക്കാനാണ് സാധ്യത. നിലവില്‍ 4 ഡിജിപി തസ്തികയിലും ആളുണ്ട്. അതിനാല്‍ നിധിൻ അഗർവാളിന് താല്‍ക്കാലിക ഡിജിപി തസ്തികയുണ്ടാക്കി നല്‍കേണ്ടിവരും. മനുഷ്യാവകാശ കമ്മിഷനിലെ ഡിജിപി തസ്തികയില്‍ സഞ്ജീവ് കുമാർ പട്ജോഷി ഡിസംബറില്‍ വിരമിക്കുകയാണ്.
2025 ഏപ്രിലിലാണ് ഫയർഫോഴ്സ് ഡിജിപി കെ.പത്മകുമാർ വിരമിക്കുന്നത്. നിലവിലുള്ള സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് അടുത്ത ജൂണില്‍ വിരമിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമാണ് നിലവിലെ സീനിയർ എഡിജിപി. പത്മകുമാർ വിരമിക്കുമ്പോള്‍ മനോജ് ഏബ്രഹാം ഡിജിപി പദവിയിലെത്തും.
അതിനും ശേഷമാണ് എം.ആർ.അജിത്കുമാർ ഡിജിപി പദവിയിലെത്തേണ്ടിയിരുന്നത്. നിലവിലുള്ള വിവാദങ്ങളും വിജിലൻസ് കേസ് അന്വേഷണവും അദ്ദേഹത്തിന് തടസ്സമായേക്കാം.ഇതോടെ, പിന്നാലെ സ്ഥാനക്കയറ്റം ലഭിക്കേണ്ട എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി പദവിയിലെത്താം. നിലവില്‍ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ആണ് ശ്രീജിത്ത്.
നിധിൻ അഗർവാള്‍ ജയില്‍ മേധാവിയാകുകയാണെങ്കില്‍, നിലവില്‍ ആ തസ്തികയിലുള്ള എഡിജിപി ബല്‍റാംകുമാർ ഉപാധ്യായയ്ക്ക് പകരം സ്ഥാനം നല്‍കേണ്ടിവരും.
നിലവില്‍ പൊലീസ് അക്കാദമി (കെപ്പ) ഡയറക്ടർ, വിജിലൻസ് എഡിജിപി, കോസ്റ്റല്‍ എഡിജിപി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നീ പദവികളിലേക്ക് എഡിജിപിമാരെ നിയമിക്കാനുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്ന് ഇൗമാസം തിരിച്ചുവരേണ്ട എഡിജിപി ദിനേന്ദ്ര കശ്യപ് ഒരു വർഷം പഠനാവധിയെടുത്തതോടെ, 3 തസ്തികയില്‍ എഡിജിപിമാരില്ലാതെ ഒഴിഞ്ഞുകിടക്കും.
കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ , പൊലീസ് ആസ്ഥാനത്തെ ഡിഐജി ജെ.ജയനാഥ് എന്നിവർക്ക് ഡിസംബറില്‍ ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനാല്‍. ജനുവരിയിലും പൊലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.