തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിന് നേരെ ഉയരുന്ന വിമർശനങ്ങളിലും ക്ഷേത്രത്തിലെ നിലവറകളെക്കുറിച്ചും മനസ് തുറന്ന് ആദിത്യ വർമ തമ്പുരാൻ.
തമ്പുരാൻ എന്നാല്‍ രാജാവ് എന്നല്ല അർത്ഥം, അതൊരു ജാതി മാത്രമാണ്. ഒരു സാധാരണ കുടുംബം കഴിയുന്നതു പോലെ തന്നെയാണ് ഇന്നു തങ്ങള്‍ കഴിയുന്നത്. ദേവപ്രശ്നം വച്ചപ്പോള്‍ തുറക്കേണ്ട എന്നു പറഞ്ഞതിനാലാണ് 'ബി' നിലവറ തുറക്കാതിരുന്നതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആദിത്യ വർമ്മ പറഞ്ഞു."തമ്പുരാൻ എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ഒരു ജാതി മാത്രമാണ്. നമ്പൂതിരിപ്പാട്, പണിക്കർ, നായർ ഇങ്ങനെ പറയുന്ന പോലെ തമ്പുരാൻ. ആദിത്യ വർമ്മ തമ്പുരാൻ എന്നു പറഞ്ഞാല്‍ തമ്പുരാൻ ജാതിയില്‍ ജനിച്ച ആദിത്യ വർമ്മ. അത്രയേയുള്ളൂ, തമ്പുരാൻ എന്നു പറഞ്ഞാല്‍ രാജാവ് എന്നല്ല അർത്ഥം. എന്റെ ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും എല്ലാം ആദിത്യ വർമ്മ എന്ന് മാത്രമേയുള്ളൂ.
പ്രിൻസ് ആദിത്യ വർമ്മ എന്ന പേരുള്ളത് ആധാറില്‍ മാത്രമാണ്. എസ് എസ് എല്‍ സി ബുക്കില്‍ അങ്ങനെ പേരുള്ളതിനാല്‍ ആവാം ആധാറിലും വന്നത്. ആധാറില്‍ ആ പേരുള്ളതുകൊണ്ട് ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ല".
"പണമെടുത്ത് അമ്മാനമാടിയിരുന്നെങ്കില്‍ കൊട്ടാരം ഇന്ന് ഈ നിലയില്‍ ഇരിക്കുമോ. നമ്മള്‍ ഇപ്പോള്‍ സാധാരണ കുടുംബം കഴിയുന്ന പോലെ തന്നെയാണ് കഴിയുന്നത്. അമിതമായുള്ള സ്വത്ത് എന്താണ് ഉള്ളത്. രാജകുടുംബത്തിലെ അംഗമായതിനാല്‍ ഏറ്റവും അഭിമാനിക്കുന്നത് ഒരു കാര്യത്തിലാണ്. ശ്രീപത്മനാഭസ്വാമിയുമായുള്ള ബന്ധം. അതിനപ്പുറത്തേക്ക് നമുക്ക് ഒന്നുമില്ല. നമ്മളെപ്പറ്റി അറിയാത്തവരാണ് കൂടുതലും നമ്മളെ പറ്റി പറയുന്നത്".
"നിലവറുകളുടേത് സാധാരണ താഴുള്ള കതകുകള്‍ ആയിരുന്നു. ബി നിലവറയാണ് തുറക്കാതിരുന്നിട്ടുള്ളത്. ബാക്കി സി,ഡി,ഇ, എഫ് അറകള്‍ തുറന്നിട്ടുണ്ട്. 'എ'യും 'ബി'യും ആണ് പണ്ടുമുതലേ തുറക്കാതിരുന്നിട്ടുള്ളത്. അതില്‍ 'എ' തുറന്നു. 'ബി' തുറക്കാൻ പോയപ്പോഴാണ് വേണ്ട എന്ന് വച്ചത്. തുറന്ന അറകളില്‍ ഒരുപാട് സ്വർണ്ണമുണ്ടായിരുന്നു. അവയുടെ തിളക്കം ഒന്നും നഷ്ടപ്പെട്ടിരുന്നില്ല".
"നിലവറയ്‌ക്ക് കാവലായി സർപ്പങ്ങളുണ്ട് എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ചെറിയ സംശയം ഉണ്ടായിരുന്നു. കാരണം ക്ഷേത്രത്തില്‍ ഒരുപാട് പാമ്പിനെ കണ്ടിട്ടുണ്ട്. ബി നിലവറയുടെ ഭിത്തിയില്‍ പാമ്പിന്റെ രൂപം കൊത്തി വച്ചിട്ടുണ്ടായിരുന്നു.
പണ്ടുകാലത്ത് അപായ സൂചനയായാണ് പാമ്പിനെ കൊത്തി വെയ്‌ക്കുന്നത്. അതായിരിക്കാം, അതൊരു രഹസ്യമായി ഇരിക്കുകയാണ്. ദേവപ്രശ്നം വെച്ചപ്പോള്‍ തുറക്കേണ്ട എന്നാണ് കണ്ടത്. അതുകൊണ്ട് തുറന്നില്ല"-ആദിത്യ വർമ്മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.