മെക്സിക്കോ: മില്‍ട്ടണ്‍ കൊടുങ്കാറ്റില്‍ ഉള്‍ക്കടലില്‍ പെട്ടുപോയ മനുഷ്യൻ സ്വന്തം ജീവൻ കാത്തത് കൂളറിന് മുകളില്‍ കയറിനിന്ന്.
ഒടുവില്‍ രക്ഷകരായി കോസ്റ്റ് ഗാർഡ് പൈലറ്റ് ലെഫ്റ്റനൻ്റ് ഇയാൻ ലോഗനും സംഘവും എത്തുകയും ചെയ്തു. മെക്സിക്കോ ഉള്‍ക്കടലില്‍ 30 മൈല്‍ അകലെവച്ചാണ് ഇയാളെ സംഘം രക്ഷപ്പെടുത്തുന്നത്. ഇപ്പോഴും ആ സംഭവം വിശ്വസിക്കാനാവുന്നില്ല എന്നാണ് ലോഗൻ പറയുന്നത്.ആദ്യം കണ്ട കാഴ്ച വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അതൊരു മനുഷ്യനാണ് എന്ന് പോലും തങ്ങള്‍ കരുതിയിരുന്നില്ല. എന്നാല്‍, അടുത്ത് പോയപ്പോഴാണ് അതൊരു മനുഷ്യൻ കൂളറില്‍ പൊങ്ങിക്കിടക്കുന്നതാണ് എന്ന് മനസിലായത് എന്നാണ് ഇയാൻ ലോഗൻ പറയുന്നത്.
കോസ്റ്റ് ഗാർഡ് പറയുന്നത് പ്രകാരം, സെൻ്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള ജോണ്‍സ് പാസില്‍ നിന്ന് 20 മൈല്‍ അകലെ ദ്വീപില്‍ ഇട്ടിരുന്ന തന്റെ ബോട്ടിൻ്റെ അറ്റകുറ്റപ്പണികള്‍ക്കായി ബുധനാഴ്ച പുലർച്ചെയാണ് ഇയാള്‍ പോയത്. എന്നാല്‍, കരയിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോള്‍ ബോട്ട് വീണ്ടും പ്രവർത്തനരഹിതമായി. അതോടെ അയാള്‍ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹം കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടു.
അപ്പോഴേക്കും കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു. കോസ്റ്റ് ഗാർഡ് അദ്ദേഹത്തിന് സുരക്ഷിതമായിരിക്കാനുള്ള നിർദ്ദേശങ്ങളെല്ലാം നല്‍കി. എന്നാല്‍, അപ്പോഴേക്കും കാലാവസ്ഥ വീണ്ടും മോശമായി.
ലോഗനും സംഘവും കണ്ടെത്തുമ്പോള്‍ ഇയാളുടെ ബോട്ട് അടുത്ത പരിസരത്ത് പോലും എവിടെയും ഇല്ലായിരുന്നു. തുറന്നു കിടന്ന കൂളറിന്റെ മുകളില്‍ ജീവനും കയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു ഇയാള്‍.
ലോഗനും സംഘത്തിനും ഇപ്പോഴും അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചു എന്നത് വിശ്വസിക്കാൻ പോലും ആകുന്നില്ല. അയാളെ കാണുമ്പോള്‍ 'കാസ്റ്റ് എവേ' സിനിമയിലെ നായകനെ പോലെ ആയിരുന്നു അയാള്‍, ആകെ ഉപ്പില്‍ മുങ്ങിയിരുന്നു എന്നും ലോഗൻ പറയുന്നു.
എന്തായാലും, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായതിന്റെ സമാധാനത്തിലാണ് സംഘം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.