ലെബനോൻ: ലെബനോനില്‍ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനോനിലുണ്ടായ ബോംബിംഗില്‍ 6 പേർ കൊല്ലപ്പെട്ടു.
ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയില്‍ സംഘർഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പല്‍ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.ലെബനോനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ആണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേല്‍ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയല്‍ ഗിയറ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്സൂർ,സർജന്റ് ഫസ്റ്റ് ക്ലാസ് നസാർ ഇറ്റ്കിൻ, സ്റ്റാഫ്. സെർജന്റ് അല്‍മ്കെൻ ടെറഫ്, സ്റ്റാഫ് സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് തെക്കൻ ലെബനനിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകർത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു.
തെക്കൻ ലെബനോനില്‍ ഇസ്രായേല്‍ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ലെബനോനില്‍ തങ്ങളുടെ പോരാളികള്‍ നിരവധി ഇസ്രായേലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്.
തെക്കൻ ഗ്രാമമായ യാറൂണിലേക്ക് ഇസ്രായേല്‍ സൈന്യം മുന്നേറുന്നതിനിടെ ഒരു സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കരയുദ്ധത്തില്‍ ആദ്യ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്.
ഇറാന്റെ എണ്ണക്കിണറുകള്‍, ആണവോർജ ശാലകള്‍ അടക്കമുള്ള ഊർജ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേല്‍ തിരിച്ചടിക്കും എന്നാണ് റിപ്പോർട്ടുകള്‍. പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രായേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതില്‍ ഗുട്ടറസ് പരാജയപ്പെട്ടെന്നും അതിനാല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയാണെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.