തുറവൂര്‍: ഉറ്റവരുടെ ആകസ്മികമായ വേര്‍പാടിന്റെ വേദനയില്‍ നീറുന്നവര് അപകടങ്ങളിലടക്കം മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിക്കിട്ടാന്‍ ഏറെ ദൂരം താണ്ടണം.
തീര്‍ന്നില്ല, വളരെയധികം സാമ്പത്തിക ചെലവും സമയനഷ്ടവും ഇതിനു പുറമേയാണ്.ജില്ലയുടെ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഈ ദുരവസ്ഥ സംജാതമായിട്ട് നാളുകളേറെയായി. ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, തുറവൂര്‍ താലൂക്ക് ആശുപത്രി, അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചതാണ് ഈ ദുരവസ്ഥയ്ക്കു കാരണം.
മുഹമ്മ, തൈക്കാട്ടുശേരി എന്നീ ഗവ.ആശുപത്രികളിലും ആദ്യകാലത്ത് സൗകര്യം ഉണ്ടായിരുന്നതാണെങ്കിലും കാലക്രമേണ അതും നിലച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, അല്ലെങ്കില്‍ സമീപ ജില്ലകളിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ മോര്‍ച്ചറിയില്‍ കിലോമീറ്ററുകള്‍ താണ്ടി എത്തിച്ചാണ് അസ്വാഭാവിക മരണങ്ങളില്പ്പെടുന്നവരുടെ പോസ്റ്റ്മോര്‍ട്ടം നിലവില്‍ നടത്തിവരുന്നത്.
തുറവൂര്‍ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രധാന ആശുപത്രിയിലാണ് ആദ്യം പോസ്റ്റ്മോര്‍ട്ടം നിലച്ചത്. വാഹനാപകടങ്ങളിലും മറ്റും പെട്ട് ധാരാളം പേരെ അടിയന്തര ചികിത്സയ്ക്കായി ഇവിടെയാണ് ആദ്യം പ്രവേശിപ്പിക്കാറ്.
ഫ്രീസര്‍ സൗകര്യമില്ലാത്തതും ശോച്യാവസ്ഥയിലുമായ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു വര്‍ഷത്തോളമായി. കിഫ്ബി ഫണ്ടില്‍നിന്ന് 50 കോടിയോളം രൂപ മുടക്കി നിര്‍മിക്കുന്ന പുതിയ ബഹുനില കെട്ടിടം പൂര്‍ത്തിയാകുന്നതു വരെ മോര്‍ച്ചറിയില്ലാത്ത താലൂക്കാശുപത്രിയായി തുറവൂര്‍ ആശുപത്രി തുടരും.
ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി മോര്‍ച്ചറിയില്‍ നിത്യേന നിരവധി പോസ്റ്റ് മോര്‍ട്ടം നടന്നിരുന്നതാണ്. തുറവൂരിന് പിന്നാലെയാണ് ഇവിടെയും മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചത്
കിഫ്ബി ഫണ്ടിലുള്‍പ്പെടുത്തി 58.06 കോടി രൂപ ചെലവിട്ട് പുതിയ ബഹുനില ബ്ലോക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് രണ്ട് വര്‍ഷത്തിന് മുന്‍പ് പഴയ മോര്‍ച്ചറി കെട്ടിടം പൊളിച്ചത്. ഇതിന്റെ സ്ഥാനത്ത് പണിയുന്ന പുതിയ കെട്ടിടത്തിലാണ് ഇനി മോര്‍ച്ചറിയുടെ പ്രവര്‍ത്തനം ഉണ്ടാകുക. 2022 ഒക്ടോബറിലാണ് ടെണ്ടര്‍ നടപടി പൂര്‍ത്തിയയത്.
അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ശുചീകരണം നടത്തുമ്പോള്‍ രക്തവും മാലിന്യങ്ങളും വെള്ളമൊഴിച്ച് ഒഴുക്കി കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ ഡിസംബറില്‍ മോര്‍ച്ചറി അടച്ചുപൂട്ടിയെങ്കിലും കഴിഞ്ഞയിടെ വീണ്ടും തുറത്തിരുന്നു.
എന്നാല്‍ ഇവിടത്തെ ഡോക്ടര്‍ അവധിയില്‍ പോയതോടെ മേഖലയില്‍ കഴിഞ്ഞ ആറുമാസമായി പോസ്റ്റ്മോര്‍ട്ടം നടന്നിരുന്ന ഏക ആശുപത്രിയിലും പോസ്റ്റ്മോമോര്‍ട്ടം നിലച്ചു. പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. അടിയന്തരമായി തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറി സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.