കൊച്ചി: കനിവ് 108 ആംബുലൻസ് സർവീസിന് അടിയന്തര സാമ്പത്തിക സഹായം നല്‍കി സർക്കാർ. എന്നാല്‍, 90 കോടി രൂപ കുടിശ്ശിക ഉള്ളതിനാല്‍ ലഭിച്ച തുക അപര്യാപ്തമാണെന്നും അതിനാല്‍ ശമ്പള വിതരണം നടത്താൻ കഴിയില്ലെന്നുമാണ് കരാർ കമ്പിനി പറയുന്നത്.
പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് കരാർ കമ്പിനി നിയമപരമായി നടപടികള്‍ ആരംഭിച്ചെന്നും നവംബർ അഞ്ചിന് പദ്ധതി അവസാനിക്കുമെന്നും ആരോപണം. ഇതോടെ 1400 ഓളം ജീവനക്കാര്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ്.കഴിഞ്ഞ ദിവസമാണ് കരാർ കമ്പിനിക്ക് അടിയന്തര സാമ്പത്തിക സഹായമായി പത്തു കോടി രൂപ കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ അനുവദിച്ചത്. എന്നാല്‍ 90 കോടി രൂപയോളം ഇപ്പോഴും കുടിശ്ശിക തുടരുന്നതിനാല്‍ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നല്‍കാൻ കഴിയില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പിനി എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഡിസംബർ മുതല്‍ നല്‍കിയ ബില്‍ തുകയില്‍ കുടിശ്ശിക വന്നതിനാല്‍ ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പിനി.
നിലവില്‍ സർക്കാരില്‍ നിന്ന് ലഭിച്ച തുക മാസങ്ങളായി മുടങ്ങി കിടക്കുന്ന ആംബുലൻസുകളുടെ വായ്പാതുക, ഇന്ധന കുടിശിക, വാഹനങ്ങളുടെ അറ്റകുറ്റപണികളുടെ കുടിശിക, ഓക്സിജൻ, മരുന്നുകള്‍ വാങ്ങിയതിലെ കുടിശിക ഉള്‍പ്പടെയുള്ളവ തീർക്കാൻ വേണ്ടി മാത്രം തികയൂ എന്നും അതിനാല്‍ ശമ്പളം നല്‍കാൻ കഴിയില്ല എന്നുമാണ് കരാർ കമ്പിനിയുടെ വാദം.
സംസ്ഥാന സർക്കാരിന്‍റെ 60 ശതമാനം വിഹിതം ലഭ്യമാക്കുന്നതിന് ധനകാര്യവകുപ്പിന്‍റെ അനുമതി ലഭിക്കുന്നതിലുള്ള കാലതാമസമാണ് പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയുന്നത്.
2024 - 25 സാമ്പത്തിക വർഷത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടർ മുഖേന സംസ്ഥാന സർക്കാർ നല്‍കേണ്ട 70 കോടിയിലേറെ രൂപയുടെ വിഹിതം ഇതുവരെയും കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷന് നല്‍കിയിട്ടില്ല. ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ 40 ശതമാനം വിഹിതം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്.
ഇതിനിടയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് കരാർ കമ്പിനി നിയമപരമായ നടപടികള്‍ ആരംഭിച്ചെന്നും നവംബർ അഞ്ചിന് കരാർ കമ്പിനി പദ്ധതി അവസാനിപ്പിക്കുന്നതായി വിവരം ലഭിച്ചു
എന്നും തൊഴിലാളി യൂണിയൻ അറിയിച്ചതായി ജീവനക്കാർ പറയുന്നു. ഇത് സംബന്ധിച്ച് കരാർ കമ്പിനി അറിയിപ്പുകള്‍ നല്‍കിയിട്ടില്ല എന്നും വ്യക്തമായ മറുപടി നല്‍കുന്നില്ല എന്നും ജീവനക്കാർ ആരോപിക്കുന്നു.
ഉടനടി സർക്കാർ ഇടപെട്ട് ജീവനക്കാരുടെ ശമ്ബളം നല്‍കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും
നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി യൂണിയനകളുടെ തീരുമാനം. ഡ്രൈവർമാർ, നേഴ്സുമാർ ഉള്‍പ്പെടെ 1400 ഓളം ജീവനക്കാരാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ജോലി ചെയ്യുന്നത്.
ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെല്‍ത്ത് സർവീസസ് എന്ന സ്വകാര്യ കമ്പിനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ആംബുലൻസുകള്‍ ജീവനക്കാർ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഈ സ്വകാര്യ കമ്പിനിയാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ പദ്ധതി പെട്ടെന്ന് അവസാനിച്ചാല്‍ സമയബന്ധിതമായി ബദല്‍ സംവിധാനം ഒരുക്കുന്നതിന് സർക്കാർ ബുദ്ധിമുട്ട് നേരിടും എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് കരാർ കമ്പിനിയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല എന്നും കരാർ പുതുക്കി നല്‍കുന്ന നടപടികള്‍ നടക്കുകയാണെന്നും കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
പുതിയ ടെൻഡർ വിളിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് കരാർ നീട്ടി നല്‍കുന്നത് വൈകിയത് എന്നും ഇത് സംബന്ധിച്ച് അടുത്തുകൂടുന്ന ബോർഡ് മീറ്റിങ്ങില്‍ തീരുമാനം ഉണ്ടാകുമെന്നും കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ മാസത്തെ ശമ്പളം വൈകിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കരാർ കമ്പിനിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.