കൊച്ചി: മൂന്ന് വയസുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എസി വാങ്ങിയ പിതാവിന് വില്‍പ്പനാനന്തര സേവനം നിഷേധിച്ച കമ്പിനിയും വ്യാപാര സ്ഥാപനവും നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.
എസിയുടെ വിലയായ 34,500 രൂപ, 30,000 രൂപ നഷ്ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് ഉള്‍പ്പെടെ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആർ അജിത് കുമാർ, എല്‍ ജി ഇലക്‌ട്രോണിക്സ്, ബിസ്മി ഹോം അപ്ലൈൻസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് പരാതി സമർപ്പിച്ചത്.
നേവല്‍ ബേസ് ജീവനക്കാരനായ പരാതിക്കാരൻ ഒന്നര ടണ്ണിന്‍റെ ഇൻവർട്ടർ എസി 34,500 രൂപയ്ക്കാണ് ഡീലറില്‍ നിന്ന് വാങ്ങിയത്. മൂന്ന് വയസുള്ള മകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തണുപ്പ് നിലനിർത്തുന്നതിനും ഉഷ്ണ കാലത്തെ അതിജീവിക്കുന്നതിനുവേണ്ടിയാണ് എസി വാങ്ങിയത്.
നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവർത്തനരഹിതമായി. എസിയുടെ ഇലക്‌ട്രിക് പാനല്‍ ബോർഡ് ആണ് തകരാറിലായത്. എന്നാല്‍ അത് വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ റിപ്പയർ ചെയ്യാൻ കഴിഞ്ഞില്ല. മറ്റു മാർഗ്ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരന്‍റെ വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു.
പരാതിയുമായി നിരവധി തവണ എതിർകക്ഷിയെ സമീപിച്ചിട്ടും യാതൊരു തുടർ നടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് എസിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.
പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം പുതിയ എസി നല്‍കുന്നതിന് കമ്പിനിയുടെ മുൻകൂർ അനുവാദം വേണമെന്ന് എതിർകക്ഷി ബോധിപ്പിച്ചു. അനുവാദം ലഭിച്ചപ്പോഴേക്കും പണം തിരിച്ചും നല്‍കണമെന്ന ആവശ്യമായി പരാതിക്കാരൻ മുന്നോട്ട് വന്നു. എസിക്ക് നിർമ്മാണപരമായ ന്യൂനതയില്ല. തകരാറിലായ ഭാഗം മാറ്റി നല്‍കാൻ തയ്യാറാണെന്നും എതിർകക്ഷി കോടതി മുമ്ബാകെ ബോധിപ്പിച്ചു.
മൂന്നു വയസുള്ള മകളുടെ രോഗാവസ്ഥയെ അതിജീവിക്കാനാണ് ഉഷ്ണകാലത്ത് എസി വാങ്ങിയത്. വാങ്ങിയ ഉടൻ തന്നെ എസി തകരാറിലാവുകയും ചെയ്തു. ഫലപ്രദമായ വില്‍പ്പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അത് നല്‍കുന്നതില്‍ എതിർകക്ഷികള്‍ പരാജയപ്പെട്ടുവെന്ന് കമ്മിഷൻ ഉത്തരവില്‍ വിലയിരുത്തി.
പാനല്‍ ബോർഡ് വിപണിയില്‍ ലഭ്യമല്ല എന്നത് ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി. ൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ഈ സാഹചര്യത്തില്‍ എസിയുടെ വിലയായ 34,500 രൂപയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്ന് എതിർകക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജിജി നിഖില്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.