അബുദാബി: മിഡിൽ ഈസ്‌റ്റ് മേഖലയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് വമ്പൻ നീക്കത്തിന് ഒരുങ്ങുന്നു. നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിക്കുന്നതിന് ഭാഗമായി കമ്പനിയുടെ മെഗാ ഐപിഒ അടുത്തയാഴ്‌ച മുതൽ നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നാണ് വിവിധ ഗൾഫ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
മേഖലയിൽ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിൽ ഒന്നാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മലയാളിയായ എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് മിഡിൽ ഈസ്‌റ്റിൽ പകരം വയ്ക്കാനില്ലാത്ത വിധം വളർന്നുകഴിഞ്ഞ സ്ഥാപനങ്ങളിൽ ഒന്നാണ്. ഏകദേശം 1.8 ബില്യൺ ഡോളർ ഐപിഒയിലൂടെ സമാഹരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്.ഇന്ത്യൻ രൂപയിൽ ഏകദേശം 15,500 കോടിയോളം വരുമിത്.ഈ വർഷം മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ഓഹരി വിൽപനകൾക്കാണ് ലുലു ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ട നടപടികൾ വരുന്ന തിങ്കളാഴ്‌ചയോടെ ആരംഭിച്ചേക്കുമെന്നാണ് വിഷയവുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങൾ അറിയിക്കുന്നത്. തികച്ചും സ്വകാര്യമായി നീക്കങ്ങൾ നടത്താനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതിയെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ പ്രതികരിക്കാൻ സാധ്യതയില്ലെന്നുമാണ് വിവരം.
അബുദാബി സെക്യൂരിറ്റീസ് മാർക്കറ്റിൽ (എഡിഎക്‌സ്) ഐപിഒയുമായി മുന്നോട്ട് പോകാനുള്ള പദ്ധതികളാണ് കമ്പനി നടത്തി കൊണ്ടിരിക്കുന്നത്. ഈ ഒക്ടോബർ അവസാനത്തോടെ വില പ്രഖ്യാപിക്കുകയും ഓഹരികളുടെ ഒരു ശതമാനം ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. നവംബർ പകുതിയോടെ ഓഹരികൾ അബുദാബി മാർക്കറ്റിൽ വ്യാപാരം ആരംഭിക്കുമെന്നാണ് കരുതുന്നത്.
കമ്പനിയുടെ 25 ശതമാനത്തോളം വരുന്ന ഷെയറുകളാണ് ഐപിഒയിൽ ലിസ്‌റ്റ് ചെയ്യുക. നേരത്തെ 2020ൽ അബുദാബിയിലെ രാജകുടുംബാംഗങ്ങളുടെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരികൾ വാങ്ങിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് കൂടുതൽ ധനസമാഹരണം ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് പദ്ധതികൾ നടപ്പിലാക്കുന്നത്.നേരത്തെ റിയാദിലും കൂടി ഓഹരി വിൽപ്പന ലക്ഷ്യമിട്ടെങ്കിലും ഈ നീക്കം ഉപേക്ഷിച്ചു എന്നാണ് വിവരം. അബുദാബിയിൽ മാത്രമായിരിക്കും ഇനി ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട അന്തിമ വിവരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലുലുവിന് ഓഹരി വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്.അതേസമയം, മലയാളി വ്യവസായിയായ യൂസഫലി തൊണ്ണൂറുകളിലാണ് മിഡിൽ ഈസ്‌റ്റിലേക്ക് എത്തിയത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തോളമായി വളർച്ചയുടെ പാതയിലാണ് ലുലു ഗ്രൂപ്പ്.നിലവിൽ 8 ബില്യൺ ഡോളർ വരുമാനമുള്ള ലുലു ഗ്രൂപ്പിന് കീഴിൽ 70,000 പേർ ജോലിയെടുക്കുന്നുണ്ട്. ഏഷ്യ, മിഡിൽ ഈസ്‌റ്റ്, യുഎസ്, യൂറോപ്പ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിലായി പടർന്നു കിടക്കുകയാണ് ഈ സ്ഥാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.