പട്ന: ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വിവാദത്തിൽ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാർ പെൺകുട്ടികൾക്ക് വാള്‍ നല്‍കിയത്. ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് മിഥിലേഷ് കുമാർ.
ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്. വാളുകൊണ്ട് അതിക്രമങ്ങളെ അതിജീവിക്കാൻ സഹോദരിമാർക്ക് കഴിയുമെന്നു പറഞ്ഞു കൊണ്ടാണ് മിഥിലേഷ് കുമാർ വാളുകൾ വിതരണം ചെയ്തത്. ‘‘ വാളുകൾ നൽകി നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കുകയാണ് ചെയ്തത്. അവരെ ആക്രമിക്കുന്നവരുടെ കൈകൾ വെട്ടിയെടുക്കാൻ വാളുകൾ ഉപകരിക്കും.
സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പിന്നീട് നീതി ലഭിക്കാനായി അവർക്ക് ഓടിനടക്കേണ്ടി വരുന്നു. നീതിലഭിക്കുന്നത് പലപ്പോഴും വൈകുന്നു. പല നേതാക്കളും പ്രതികൾക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ഈ വാളുപയോഗിച്ച് പെൺകുട്ടികൾക്ക് സ്വയം രക്ഷിക്കാൻ കഴിയും ’’– മിഥിലേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സീതാമർഹി നഗരത്തിലെ കപ്രോൽ റോഡില്‍ ആഘോഷങ്ങള്‍ക്കായി പന്തലുകള്‍ ഒരുക്കിയിരുന്നു. ഇവിടെയെത്തിയാണ് എംഎല്‍എ വാള്‍ വിതരണം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.