ശ്രീനഗർ: സർക്കാർ രൂപീകരണത്തിന് മുൻപ് ജമ്മു കശ്മീർ നിയമസഭയിലേക്ക് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ മുഖേന അഞ്ച് അംഗങ്ങളെ നിർദ്ദേശിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരേ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് രംഗത്ത്.
ബിജെപിയുടെ നീക്കത്തെ 'ജനാധിപത്യ വിരുദ്ധ'മെന്നാണ് ഇവർ വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിൽ 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കവെയാണ് ബി.ജെ.പിയുടെ നീക്കം.ഗവർണർ മുഖേന അഞ്ച് എംഎൽഎമാരെ ബിജെപിക്ക് നിർദ്ദേശിക്കാനാകുമെന്നത് ആശങ്കാജനകമാണെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെ.കെ.പി.സി.സി) വെെസ് പ്രസിഡൻ്റ് രവീന്ദർ ശർമ്മ പറഞ്ഞു. '90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. ഒക്ടോബർ 8 ന് ഫലത്തിനായി കാത്തിരിക്കുകയാണ്.
ജനങ്ങളോട് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ സർക്കാർ രൂപീകരണത്തിന് മുമ്പ് ലെഫ്റ്റനൻ്റ് ഗവർണർ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്യാൻ പോകുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ കടുത്ത ആശങ്കയുണർത്തുന്നതാണ്'- രവീന്ദർ ശർമ്മ പറഞ്ഞു.
സർക്കാർ രൂപീകരണത്തിന് മുമ്പ് അഞ്ച് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്യാനുള്ള നീക്കം ബിജെപിയുടെ തന്ത്രമാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം സുഖമായി ഭൂരിപക്ഷം നേടുമെങ്കിലും ബിജെപി ഈ നീക്കവുമായി മുന്നോട്ട് പോയാൽ അത് ജനവിധിയെ പരാജയപ്പെടുത്താനുള്ള ശ്രമമാകുമെന്നും അഞ്ച് അംഗങ്ങളെ നിയോഗിക്കാനുള്ള അധികാരം പുതിയ സർക്കാരിന് നൽകണമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന കോൺഗ്രസ് വാദങ്ങൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് എം.എൽ.എ.മാരുടെ നാമനിർദ്ദേശം 2019-ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിൽ പരാമർശിച്ചിരിക്കുന്നത് അതുപോലെ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് പരാജയപ്പെടുമെന്ന് കോൺഗ്രസിന് അറിയാമെന്നും അതിൻ്റെ നിരാശയാണ് അവർക്കെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
2019 ലെ പുനഃസംഘടനാ നിയമ പ്രകാരം നിയമസഭയിലേക്കുള്ള വനിതാ പ്രാതിനിധ്യം പര്യാപ്തമല്ലെന്ന് വന്നാൽ രണ്ട് അംഗങ്ങളെ ലഫ്റ്റനൻ്റ് ഗവർണർക്ക് നാമനിർദേശം ചെയ്യാം. 2023ലെ ഭേദഗതിയിലൂടെ മൂന്ന് അംഗങ്ങളെക്കൂടി നാമനിർദേശം ചെയ്യാനാകും.
90 അംഗ നിയമസഭയിൽ അഞ്ചുപേർ കൂടിയെത്തുന്നതോടെ അംഗബലം 95 ആകും. കേവല ഭൂരിപക്ഷത്തിന് 48 സീറ്റുകളാണ് വേണ്ടത്. ജനവിധിയിലൂടെ 43 സീറ്റുകളിൽ വിജയിച്ചാൽപ്പോലും ബിജെപിക്ക് കേവലഭൂരിപക്ഷം നേടാനാകും. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവർണറിലൂടെ ബിജെപി നടത്തുന്നതെന്നാണ് ഇന്ത്യാസഖ്യവും പിഡിപിയും ആരോപിക്കുന്നത്. നിയമനടപടി സ്വീകരിക്കാനുള്ള നീക്കവും ഇവർ നടത്തുന്നുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ് മുന്നേറ്റമാണ് ജമ്മു കശ്മീരിൽ പ്രവചിക്കുന്നത്. ജമ്മു കശ്മീരിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യത്തിന് മുൻതൂക്കം പ്രവചിക്കുമ്പോഴും തൂക്ക്സഭയ്ക്കുള്ള സാധ്യതയും ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്. ബിജെപിക്ക് അഞ്ച് അംഗങ്ങളുടെ മുൻതൂക്കം ലഭിച്ചാൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യത്തിന് കടുത്ത തിരിച്ചടിയാകും.
ജമ്മു കശ്മീരിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ബി.ജെ.പി 20 മുതൽ 25 സീറ്റുവരെ നേടുമെന്നും പിഡിപി നാല് മുതൽ ഏഴ് വരെ സീറ്റുകളും മറ്റുള്ളവർ 12 മുതൽ 18 സീറ്റ് വരെ നേടുമെന്നും ഫലം പ്രവചിക്കുന്നു.
പീപ്പിൾ പ്ലസിന്റെ കണക്കുകൾ പ്രകാരം കോൺഗ്രസ് സഖ്യം 46 മുതൽ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതൽ 27 സീറ്റുകൾ വരേയും പി.ഡി.പി. ഏഴ് മുതൽ 11 സീറ്റ് വരേയും മറ്റുള്ളവർ നാല് മുതൽ 10 സീറ്റുകൾ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടർ പ്രവചനം അനുസരിച്ച് കോൺഗ്രസ് സഖ്യം 40 മുതൽ 48 സീറ്റുകൾ നേടും. ബി.ജെ.പി 27 മുതൽ 32 സീറ്റുകൾ വരേയും പി.ഡി.പി ആറ് മുതൽ 12 സീറ്റുകൾ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവർക്ക് ആറ് മുതൽ 11 വരെ സീറ്റുകളും സീ വോട്ടർ പ്രവചിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.