തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തരുടെ ആധികാരികമായ രേഖ ആവശ്യമാണെന്നും അതിന് ഓൺലൈൻ ബുക്കിങ്ങാണ് ഉചിതമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തിരുപ്പതിയിൽ ഫലപ്രദമായി നടക്കുന്ന ഓൺലൈൻ ബുക്കിങ്ങിൽ പരാതികളില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്താണ് തർക്കമെന്നും അദ്ദേഹം ചോദിച്ചു.
തിരുവിതാംകൂർ ദേവസ്വത്തെ സംബന്ധിച്ചിടത്തോളം ശബരിമലയിലെത്തുന്ന ഭക്തർക്ക് പര്യാപ്തമായ സൗകര്യങ്ങളുണ്ടാകണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഭഗവാനെ കാണാതെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടാകില്ല. നിലവിലെടുത്തിരിക്കുന്ന തീരുമാനം വെർച്വൽ ക്യൂ നിർബന്ധമാണെന്നുള്ളതാണെന്നും മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കാമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ഒരു ദിവസം 80,000ത്തിൽ താഴെയാണ് വെർച്ച്വൽ ക്യൂ ബുക്കിങ്ങെങ്കിൽ മറ്റുള്ളവർക്ക് സ്പോട്ട് ബുക്കിങ്ങിന് അവസരമൊരുക്കുന്നതല്ലേ ഉചിതമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് തയ്യാറായില്ല. ബുക്ക് ചെയ്തെത്തുന്ന ഭക്തർക്ക് ആവശ്യമെങ്കിൽ സമയക്രമത്തിൽ വിട്ടുവീഴ്ചകളുണ്ടാകുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചത്. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശനസൗകര്യം ഒരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.