ഭോപ്പാല്‍: പതിനാറ് വർഷമായി ഭർത്താവിന്റെ വീട്ടുകാർ ബന്ദിയാക്കിയിരുന്ന യുവതിയെ രക്ഷപെടുത്തി. റാണു സഹു എന്ന യുവതിയെയാണ് നാട്ടുകാരും പൊലീസും ചേർന്ന് ഭർത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപെടുത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം യുവതിയെ തന്റെ വീട്ടുകാരെയോ ബന്ധുക്കളെയോ കാണാൻ ഭർത്താവ് അനുവദിച്ചിരുന്നില്ല. പിന്നീട് ക്രൂരമായ പീഡനങ്ങളാണ് യുവതി ഏറ്റുവാങ്ങേണ്ടി വന്നത്. വീട്ടുകാർ നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസ് ഇടപെട്ട് യുവതിയെ മോചിപ്പിച്ചത്.2006 ലായിരുന്നു യുവതിയുടെ വിവാഹം. ജഹാംഗീർബാദ് സ്വദേശിയായ യുവാവായിരുന്നു വരൻ. ആദ്യ രണ്ടു വർഷം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. 2008നു ശേഷം മകള്‍ തങ്ങളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധം പുലർത്തിയില്ലെന്നും വീട്ടുകാർ പരാതിയില്‍ പറഞ്ഞു. തങ്ങളെ കാണാൻ ഭർത്താവിന്റെ കുടുംബം അനുവദിച്ചില്ലെന്നും റാണുവിന്റെ പിതാവ് കിഷൻ ലാല്‍ സാഹു നല്‍കിയ പരാതിയില്‍ പറയുന്നു.
ഭർതൃവീടിനോട് ചേർന്നുള്ള അയല്‍വാസിയെ റാണുവിന്റെ വീട്ടുകാർ ഈയടുത്ത് കാണാനിടയായി. അയാളാണ് മകള്‍ അവിടെ അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് പറഞ്ഞത്. മകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പിതാവ് പരാതിയില്‍ പറഞ്ഞു.
ജഹാംഗീർബാദ് പൊലീസാണ് പരാതിയില്‍ നടപടി സ്വീകരിച്ചത്. ഒരു എൻജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്.ആരോഗ്യം ക്ഷയിച്ച നിലയിലായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെടുത്തതിന് ശേഷം ഭർതൃകുടുംബത്തിനെതിരേ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.