കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 24സൗത്ത് പര്‍ഗാനാസ് ജില്ലയില്‍ ട്യൂഷന് പോയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ.
നാട്ടുകാര്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന് അഗ്നിക്കിരയാക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തുവെള്ളിയാഴ്ച വൈകീട്ട് കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസില്‍ പരാതി നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ജയ്നഗര്‍ പ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം മഹിസ്മാരി പൊലീസ് സ്റ്റേഷന് കത്തിക്കുകയും പൊലിസുകാരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആള്‍ക്കൂട്ടം പൊലിസുകാരെ ഓടിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
അര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടതിന് സമാനമായ രീതിയിലാണ് പൊലസ് പ്രതികരിച്ചതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഞങ്ങളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുന്നതുവരെ ഞങ്ങളുടെ പ്രതിഷേധം തുടരും. അവളുടെ മരണത്തിന് കാരണമായ പൊലീസ് അനാസ്ഥയ്ക്കെതിരെ നടപടി വേണം.
പൊലീസ് ഉടന്‍ ഇടപെട്ടാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാമായിരുന്നു,' പ്രദേശവാസിയായ ഗണേഷ് ദോലുയി പറഞ്ഞു. എന്നാല്‍ പരാതി ലഭിച്ചയുടന്‍ നടപടിയെടുക്കുകയും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ഔട്ട്പോസ്റ്റില്‍ തീയിടുകയും രേഖകള്‍ നശിപ്പിക്കുകയും ചെയ്തവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസുകാരെ പിന്തുണച്ചെന്ന് ആരോപിച്ച് സ്ഥലം എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധം ഉണ്ടായി.
ജനങ്ങളുടെ പ്രതിഷേധം ഉള്‍ക്കൊള്ളുന്നുവെന്നും എന്നാല്‍ നിയമം കൈയിലെടുക്കരുതെന്നും ടിഎംസി എംഎല്‍എ പറഞ്ഞു.
താനും പാര്‍ട്ടിയും പെണ്‍കുട്ടിയുടെ കുടംബത്തിനൊപ്പമാണെന്നും പ്രതികള്‍ക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രിയും ബംഗാള്‍ ബിജെപി അധ്യക്ഷനുമായ സുകാന്ത മജുംദാര്‍ പറഞ്ഞു. ട്യൂഷന് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബംഗാൾ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.