തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മറിഞ്ഞ് ദേഹത്ത് പതിച്ച അപകടത്തിൽ യാന്ത്രികയായ ടി.ടി.സി വിദ്യാർത്ഥിനി മരിച്ചു.
ഒപ്പം സഞ്ചരിച്ചിരുന്ന സുഹ്യത്തുക്കളായ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു. ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷ നിർത്താതെ പോയെന്ന് നാട്ടുകാർ.
വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് യു.പി.എസിലെ മാനേജർ എഫ്. സേവ്യറിൻ്റെയും ഇതേ സ്‌കൂളിലെ പ്രഥമാധ്യാപികയായ ലേഖ രാക്‌സണിൻ്റേയും ഏക മക്കൾ എൽ.എ.കെ.എസ്. ഫ്രാൻസിസ്‌ക(19) ആണ് മരിച്ചത്. അപകടത്തിൽ ഫ്രാൻസിസ്‌ക്കയുടെ മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റിരുന്നു. പത്തനംതിട്ട സ്വദേശിയായ കെ.പി. ദേവിക(19), കാസർകോട് സ്വദേശി രാഖി സുരേഷ്(19) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരിൽ ദേവികയുടെ തോളെല്ലിനും രാഖിക്ക് ശരീരമാസകലവും പരിക്കേറ്റു. ഓട്ടോ ഡ്രൈവറും വെങ്ങാനൂർ സ്വദേശിയുമായ സുജിത്തിന്(32) നെറ്റിയിലും നെഞ്ചിലുമാണ് ക്ഷതമേറ്റത്. വ്യാഴാഴ്ച 4.15 ഓടെ വിഴിഞ്ഞം-മുക്കോല ഉച്ചക്കട റോഡിൽ കിടാരക്കുഴി ചന്ദനമാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളേയും അവശനിലയിലായ ഓട്ടോഡ്രൈവറെയും നാട്ടുകാരുടെ സഹായത്തോടെ 108 ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. എന്നാൽ ഫ്രാൻസിസ്‌കയെ രക്ഷിക്കാനായില്ല.
കോട്ടുകാൽ മരുതൂർക്കോണം പട്ടം മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ഫ്രാൻസിസ്‌കയും പരിക്കേറ്റ ദേവികയും രാഖി സുരേഷും. അധ്യാപന പരിശീലനത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച മുതൽ വെങ്ങാനൂർ മുടിപ്പുരനട ഗവ.എൽ.പി. സ്‌കൂളിലാണ് ഇവർ ക്ലാസെടുത്തിരുന്നത്. വ്യാഴാഴ്ച ക്ലാസിനുശേഷം വെങ്ങാനൂരിൽ നിന്ന് ഇവർ മൂന്നുപേരും ഓട്ടോറിക്ഷയിൽ കയറി മരുതൂർക്കോണത്തുളള ഇവരുടെ ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.