കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനും കോച്ച് എംകെൽ സ്റ്റാറ്റിനും തോൽവിയോടെ തുടക്കം.
80 മിനിറ്റോളം കാര്യമായ ചലനമില്ലാതെ കടന്നുപോയി, ഒടുവിൽ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും ആവേശത്തിൻ്റെ കൊടുമുടികയറിയ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ചത്. ലുക്ക മയ്‌സെൻ, ഫിലിപ്പ് മിർസിൽജാക്ക് എന്നിവർ പഞ്ചാബിനായി സ്‌കോർ ചെയ്തു. ജീസസ് ജിമെനസിൻ്റെ ഹെഡർ ഗോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിൻ്റെ ആശ്വാസം.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയില്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മൈതാനത്ത് ഒത്തിണക്കത്തോടെ പന്തുതട്ടാൻ ബുദ്ധിമുട്ടി. മറുവശത്ത് കൃത്യമായ പദ്ധതികളുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ച പഞ്ചാബ് മികച്ച അവസരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ചു. ആദ്യ പകുതിയിൽ അവർ പന്ത് വലയിലെത്തിച്ചെങ്കിലും അത് സൈഡായി. 85-ാം മിനിറ്റിൽ പഞ്ചാബ് താരം ലിയോൺ അഗസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് ഡിഫൻഡർ മുഹമ്മദ് സഹീഫ് ബോക്‌സിൽ വീഴ്ത്തുന്നത് കളിക്ക് ചൂടുപിടിക്കുന്നത്. ഈ ഫൗളിന് ലഭിച്ച പെനാൽറ്റി 86-ാം മിനിറ്റിൽ ലുക്ക ലക്ഷ്യത്തിലെത്തിച്ചു.
ഗോൾകീപ്പർ സച്ചിൻ സുരേഷ് നിന്നിടത്തുനിന്ന് ഒന്ന് അനങ്ങിയതുപോലുമില്ല. എന്നാൽ ഗോൾവീണതോടെ ജീവൻവെച്ച ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം ഒടുവിൽ ഇൻജുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ ലക്ഷ്യം കണ്ടു.പ്രീതം കോട്ടാൽ വലതുവിങ്ങിൽ നിന്ന് ബോക്‌സിലേക്ക് ഉയർത്തി നൽകിയ കിടിലനൊരു പാസിൽ തലവെച്ച് ജിമെനസ് പഞ്ചാബ് വലകുലുക്കിയതോടെ കലൂരിലെ ആരാധകക്കൂട്ടം ഇളകി.
എന്നാൽ മൂന്നു മിനിറ്റിനകം ഗാലറിയെ നിശബ്ദരാക്കി പഞ്ചാബ് വിജയഗോൾ നേടി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൻ്റെ ഒത്തിണക്കമില്ലായ്മ വെളിപ്പെട്ട ഗോൾകൂടിയായിരുന്നു അത്. ബോക്‌സിലെ കടുത്ത പ്രതിരോധം മറികടന്ന് ലുക്ക് മയ്‌ലൻ നീട്ടിയ ഒരു പാസ് ക്ലിയർ ചെയ്യാൻ ഒരൊറ്റ ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പോലും ഒഴിഞ്ഞുകിടന്ന ആ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഓടിയെത്തിയ ഫിലിപ്പ് മിർസിൽജാക്ക് സച്ചിൻ സുരേഷിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.