ഗുജറാത്ത്: ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥർ അറസ്റ്റില്‍.
ട്രാക്ക്മാൻമാരായ സുഭാഷ് പോദാർ, മനിഷ്കുമാർ സർദേവ് മിസ്ട്രി, കരാർ ജീവനക്കാരനായ ശുഭം ജയ്സ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചവർ തന്നെയാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഇത്തരം അട്ടിമറി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്താല്‍ പ്രമോഷൻ നേടാനാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി ലഭിക്കുമെന്നും കരുതിയാണ് ഇത് ചെയ്തതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. മാത്രമല്ല, നൈറ്റ് ഡ്യൂട്ടി കൂടുതല്‍ ലഭിക്കുമെന്നും അതുവഴി അധികമായി അവധി ലഭിക്കുമെന്ന് കണക്കുകൂട്ടിയതായും പ്രതികള്‍ പറഞ്ഞു.
സംഭവിച്ചത് ഇങ്ങനെ:
സെപ്റ്റംബർ 21 ശനിയാഴ്ച പുലർച്ചെ 5.25 -നാണ് റെയില്‍വേ ഉദ്യോഗസ്ഥനായ സുഭാഷ് പോദാർ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിക്കുന്നത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് റെയിലുകളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് അദ്ദേഹം റിപ്പോർട്ട് ചെയ്തത്. പട്രോളിങ്ങിലായിരുന്ന താൻ റെയില്‍വേ ട്രാക്കിനടുത്ത് മൂന്നുപേരെ കണ്ടെന്നും ഒച്ചവെച്ചപ്പോള്‍ ഇവർ ഓടിപ്പോയെന്നും പദോർ പറഞ്ഞു.
ഡല്‍ഹി-മുംബൈ രാജധാനി ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ ഇതിനു തൊട്ടുമുമ്പാണ് കടന്നുപോയത്. ഇതേ ട്രാക്കില്‍ അല്‍പ്പസമയത്തിന് ശേഷം കടന്നുപോകേണ്ടിയിരുന്ന മറ്റൊരു ട്രെയിൻ അറിയിപ്പ് നല്‍കി സ്റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. ശേഷം പോദാറുള്‍പ്പെടെ മൂന്ന് പേർ ചേർന്ന് ട്രാക്കുകള്‍ നന്നാക്കി.
സംശയം വർധിപ്പിച്ചത് മൊഴികള്‍
പോലീസും എൻ.ഐ.എ യും ചേർന്നാണ് ഈ അട്ടിമറിയെ സംബന്ധിച്ച് അന്വേഷണം നടത്തിയത്. പോദാർ പറഞ്ഞ കഥയില്‍ തുടക്കത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നു.
ലോക്കോപൈലറ്റുമാരുടെ മൊഴിയാണ് പ്രധാനമായും സംശയത്തിനിടയാക്കിയത്. അട്ടിമറി ശ്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. റെയില്‍വേ ട്രാക്ക്മാനായ പോദാർ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് 25 മിനിറ്റുകള്‍ മാത്രം മുമ്പാണ് ഡല്‍ഹി-രാജധാനി എക്സ്പ്രസ് കടന്നുപോയത്.
71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. എന്നാല്‍, ബോള്‍ട്ടുകള്‍ നീക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലുമെടുക്കും. ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റാൻ എല്ലാവർക്കും സാധിക്കില്ല.
പരിചയസമ്പന്നരായ ആള്‍ക്കാർക്ക് കൃത്യമായ ഉപകരണം ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞത് 25 മിനിറ്റോളമെടുക്കും അത് ചെയ്യാൻ. എടുത്തുമാറ്റിയ ഫിഷ് പ്ലേറ്റുകള്‍ അടുത്തുള്ള ട്രാക്കുകളില്‍ കിടക്കുന്നത് കണ്ടെന്ന് മറ്റു ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരും പറഞ്ഞതോടെ സംഭവസ്ഥലത്തുള്ളവർക്ക് മാത്രമേ ഇത് ചെയ്യാനാകൂയെന്ന നിഗമനത്തില്‍ അന്വേണസംഘമെത്തി.
മൂന്നുപേരെ സംഭവസ്ഥലത്ത് കണ്ടെന്നും ഇവർ ഒച്ചയെടുത്തപ്പോള്‍ ഓടിപ്പോയെന്നുമാണ് പോദാർ പറഞ്ഞിരുന്നത്. എന്നാല്‍, കാല്‍പാദത്തിന്റെ അടയാളം കണ്ടെത്താനാകാത്തത് സംശയം വർധിപ്പിച്ചു.
ഒടുവില്‍ കുറ്റസമ്മതം, ചെയ്തത് പ്രമോഷനുവേണ്ടി
ലോക്കുകള്‍ അഴിച്ച നിലയില്‍ കാണപ്പെട്ട സ്ഥലത്തെ വീഡിയോ എടുത്തിട്ടുണ്ടെന്നാണ് പോദാർ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അദ്ദേഹത്തെ ചോദ്യം ചെയ്ത സമയത്ത് അത് ഡിലീറ്റ് ചെയ്തെന്ന മറുപടിയാണ് നല്‍കിയത്.
ഫോണ്‍ പരിശോധിച്ചപ്പോള്‍ സംഭവം ഇയാള്‍ കാണുന്നതിന് 20 മിനിറ്റ് മുമ്പുള്ള വീഡിയോയാണ് പോലീസിന് ലഭിച്ചത്. മറ്റുള്ളവരുടെ ഫോണില്‍നിന്ന് ഇതിന്റെ ഫോട്ടോകളും ലഭിച്ചു. അതോടെ ഇവരുടെ പങ്ക് വ്യക്തമായി.
ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, ഇത് ചെയ്തതിന് വിചിത്രമായ കാരണമാണ് പ്രതികള്‍ പറഞ്ഞത്. ഇത്തരം അട്ടിമറി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്താല്‍ പ്രമോഷൻ നേടാനാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി ലഭിക്കുമെന്നും കരുതിയെന്ന് പ്രതികള്‍ പറഞ്ഞു.
നൈറ്റ് ഡ്യൂട്ടി തുടരുന്നത് ഉറപ്പാക്കാനും സാധിക്കും. അങ്ങനെവന്നാല്‍ ഒരു ദിവസം അധികം അവധി കിട്ടുമെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്നും പ്രതികള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.