കല്‍പ്പറ്റ:ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്.
ഉരുള്‍പൊട്ടലില്‍ തകർന്ന മുണ്ടക്കൈ എല്‍പി സ്കൂളിലെ വിദ്യാർത്ഥികള്‍ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.സ്കൂളില്‍ നിന്ന് സ്ഥലം മാറിപ്പോയ അവരുടെ സ്വന്തം ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.
വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നിര്‍ദേശ പ്രകാരം 48 മണിക്കൂറിനവുള്ളില്‍ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരായ ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും വിദ്യാഭ്യാസ വകുപ്പ് മുണ്ടക്കൈ സ്കൂളിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.
രണ്ടു അധ്യാപകരും അടുത്ത ദിവസം തന്നെ സ്കൂളിലെത്തും. മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ അധ്യാപികയായിരിക്കെ ശാലിനി ടീച്ചര്‍ വിദ്യാര്‍ത്ഥികളുമായി സ്കൂള്‍ ഗ്രൗണ്ടില്‍ സൈക്കിളോടിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കുട്ടികളും ടീച്ചറുമായുള്ള സൗഹൃദവും സ്നേഹവും പ്രകടമാകുന്ന ആ വീഡിയോ കേരളം ഒന്നടങ്കം ഏറ്റെടുക്കുയും ചെയ്തിരുന്നു. എന്നാല്‍, ഈ അധ്യയന വര്‍ഷം ശാലിനി ടീച്ചര്‍ക്ക് മീനങ്ങാടിയിലേക്കും അശ്വതി ടീച്ചര്‍ക്ക് മേപ്പാടിയിലേക്കും സ്ഥലം മാറ്റി കിട്ടി. ഇരുവരും മുണ്ടക്കൈയില്‍ നിന്ന് സ്ഥലംമാറി മറ്റിടങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ്.
മുണ്ടക്കൈയെയും ചൂരല്‍ല്‍മലയെയും ഇല്ലാതാക്കി മഹാദുരന്തമായി ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഉരുള്‍പൊട്ടലുണ്ടായി ഒരുമാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് മേപ്പാടി പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളായ എപിജെ അബ്ദുള്‍കലാം ഹാള്‍ താത്കാലികമായി സ്കൂളാക്കി മാറ്റി മുണ്ടക്കൈ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പുനപ്രവേശനം നടന്നത്.
അന്ന് ചടങ്ങിന് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ എത്തിയിരുന്നു.ഈ ചടങ്ങില്‍ വെച്ചാണ് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അവരുടെ ഒരൊറ്റ ആഗ്രഹം മന്ത്രിയോട് പറഞ്ഞ്.
അവരുടെ മനസറിയുന്ന രണ്ട് ടീച്ചര്മാര് അവരുടെ കൂടെയുണ്ടാകണമെന്നായിരുന്നു ആവശ്യം. ദുരിതം താണ്ടി വന്ന കുട്ടികളുടെ വാക്ക് തള്ളിക്കളയാതെ മന്ത്രി ഇടപെട്ടു. രണ്ടു പേരുടെയും ട്രാന്‍സ്ഫര്‍ ഉത്തരവും വൈകാതെ ഇറങ്ങി.
കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ അനിവാര്യമായ സമയത്ത് ഒപ്പം നില്ക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഇരുവരുടെയും പ്രതികരണം. അതിജീവനത്തിന്റെ പുതിയ പാഠങ്ങളിലേക്ക് കടക്കുന്ന കുഞ്ഞുങ്ങള്‍, അവരുടെ ഇഷ്ടപ്പെട്ട അധ്യാപകർക്കൊപ്പം പഠിച്ചു വളരട്ടെ. പ്രിയപ്പെട്ട അധ്യാപകരുടെ വരവിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.