തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
പൂര്‍ണമായ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുക. നാളെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും, റിപ്പോര്ട്ടിന്മേല് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പായിച്ചിറ നവാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കോടതിയുടെ ചേംബറില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിശോധിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, നേരത്തെ ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നേരത്തെ പുറത്തു വിട്ടിരുന്നത്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന് നിര്‍ദേശത്തിന്റെ മറവില്‍, കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ മറച്ചു പിടിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.