പാലക്കാട്: വർഷം 2009. സാക്ഷരത മിഷന്‍റെ തുല്യത പരീക്ഷ കോഓഡിനേറ്റർ ഓമന തങ്കപ്പനെ യാദൃച്ഛികമായി കണ്ടുമുട്ടിയതോടെ കുട്ടിക്കാലത്ത് താലോലിച്ചിരുന്ന സ്വപ്നങ്ങള്‍ യാഥാർഥ‍്യമാകുമെന്ന് അംബിക മനസ്സിലുറപ്പിച്ചു.
പ്രതികൂല സാഹചര്യങ്ങള്‍ മൂലം എസ്.എസ്.എല്‍.സി പരീക്ഷ എഴുതാതെ പഠനം നിർത്തേണ്ടിവന്ന എം. അംബിക ഇപ്പോള്‍ അഭിഭാഷകയായി എൻറോള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. പ്രതിസന്ധികളോട് പൊരുതിയാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട ആ 45കാരി സ്വപ്നങ്ങള്‍ യാഥാർഥ‍്യമാക്കിയത്.പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ അംബികക്ക് ഒരു വയസ്സുള്ളപ്പോള്‍ അമ്മ അമ്മിണിയും ഒമ്പതാം വയസ്സില്‍ അച്ഛൻ കൃഷ്ണനും വിടപറഞ്ഞു. സഹോദരിമാരായ വസന്തയുടെയും ശാന്തിയുടെയും തണലിലായിരുന്നു ജീവിതം.
18ാം വയസ്സില്‍ പ്രതിമ നിർമാണക്കമ്പിനി തൊഴിലാളി തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ടയിലെ എൻ.വി. അയ്യപ്പനുമായി വിവാഹം. ഭർത്താവ് ജോലി ചെയ്യുന്ന കമ്പിനിയില്‍ അച്ചില്‍ നിർമിക്കുന്ന പ്രതിമകള്‍ക്ക് കണ്ണും കാതും വരക്കുന്ന തൊഴിലിന് അംബികയും പോയിത്തുടങ്ങി.
ഇതിനിടെയാണ് തുല്യത പരീക്ഷ കോഓഡിനേറ്ററെ കണ്ടുമുട്ടിയതും അവർ നല്‍കിയ പ്രോത്സാഹനത്തില്‍ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതുന്നതും നല്ല മാർക്കോടെ വിജയിക്കുന്നതും. പിന്നീട് 2017ല്‍ പ്ലസ് ടു തുല്യത പരീക്ഷയും പാസായി.
കട്ട സപ്പോർട്ടുമായി ഭർത്താവ് കൂടെ നിന്നതോടെ എല്‍എല്‍.ബി എൻട്രൻസ് കോച്ചിങ്ങിന് പോവുകയും പാലക്കാട് കുളപ്പുള്ളി അല്‍ അമീൻ ലോ കോളജില്‍ ബി.ബി.എ എല്‍എല്‍.ബിക്ക് അഡ്മിഷനെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ എല്‍എല്‍.ബി ഫസ്റ്റ് ക്ലാസോടെ പാസായി. ഇപ്പോള്‍ ഇരിങ്ങാലക്കുട കോടതിയില്‍ അഭിഭാഷകൻ എ.എ. ബിജുവിനുകീഴില്‍ പ്രാക്ടീസ് ചെയ്യുകയാണ്.
അനന്തുവും അനാമികയുമാണ് മക്കള്‍. 25കാരൻ അനന്തു മസ്കറ്റില്‍ വയലിൻ ആർട്ടിസ്റ്റാണ്. ഭിന്നശേഷിക്കാരിയായ 18കാരി അനാമിക സ്പെഷല്‍ സ്കൂളിലാണ് പഠിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.