സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാടിൽ അമർഷം: സിപിഎം സഖ്യം ഇനിയും നഷ്ടം വരുത്തും; മാണി ഗ്രൂപ്പില്‍ വിമര്‍ശനം

കോട്ടയം: നവകേരളസദസ് പാലായിലെത്തിയപ്പോള്‍ അന്ന് എംപിയായിരുന്ന തോമസ് ചാഴികാടനെതിരേ പിണറായി വിജയന്‍ വേദിയില്‍ നടത്തിയ പരസ്യശാസനയില്‍ തുടങ്ങിയ സിപിഎം- മാണി ഭിന്നത പുതിയ മാനങ്ങളിലേക്ക്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുമറിച്ചതില്‍ തുടങ്ങിയ ഭിന്നത പാല നഗരസഭാ ഭരണത്തില്‍ ഉള്‍പ്പെടെ തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ അര ലക്ഷത്തിലേറെ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിനും ബിഡിജെഎസിനുമായി ചോര്‍ന്നുവെന്നതിന് മാണി വിഭാഗത്തിന് കണക്കുണ്ട്.

 വോട്ടുചോര്‍ച്ച തടയുന്നതില്‍ സിപിഎം നേതൃത്വം ജാഗ്രത കാണിച്ചുമില്ല. സിപിഎമ്മുകാര്‍ വിവിധ വാര്‍ഡുകളില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച്‌ ഒന്നാമതെത്തിച്ചു. സിപിഐയ്ക്ക് കരുത്തുള്ള വൈക്കത്ത് ഇത്രയും വോട്ട് ചോര്‍ന്നതുമില്ല. 

ഇക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ചയാക്കണമെന്ന കേരള കോണ്‍ഗ്രസ്-എം ആവശ്യം സിപിഎം മുഖവിലയ്‌ക്കെടുക്കാതെ വന്നതും പ്രവര്‍ത്തകരില്‍ അതൃപ്തിക്കിടയാക്കി. ഇതിനുശേഷമാണ് വിവിധ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ സിപിഎം വല്യേട്ടന്‍ ശൈലിയില്‍ മാണിക്കാരെ ആറിടങ്ങളില്‍ അവഗണിച്ചത്. 

മാണി വിഭാഗത്തിന് ചെവികൊടുക്കാതെയും യോഗം വിളിക്കാതെയും സിപിഎം പാനല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, മാണി വിഭാഗം ഏറെക്കാലമായി ഭരണം നടത്തുന്ന ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ സിപിഎം പ്രാതിനിധ്യം വാങ്ങിയെടുക്കുകയും ചെയ്തു. 

തദ്ദേശ തെരഞ്ഞെടുപ്പിനു പത്തു മാസംമാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാട് ജില്ലയില്‍ കേരള കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് വിമര്‍ശനം. ജില്ലാ പഞ്ചായത്തു മുതല്‍ ഗ്രാമപഞ്ചായത്തു വരെ നിലവിലുള്ള പ്രാതിനിധ്യം തുടരാനാകുന്നില്ലെങ്കില്‍ എല്‍ഡിഎഫ് സഖ്യത്തില്‍ തുടര്‍ന്നിട്ടു കാര്യമില്ലെന്നതാണ് നിലപാട്. 

മാത്രവുമല്ല പിണറായി സര്‍ക്കാര്‍ വിരുദ്ധവികാരം ലോക്സഭയിലെന്നതുപോലെ തദ്ദേശതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാല്‍ നിരവധി പഞ്ചായത്തുകളില്‍ മാണി വിഭാഗത്തിന് വിലാസമുണ്ടാകില്ലെന്നും ഇതേ പ്രതികണം രണ്ടു വര്‍ഷത്തിനു ശേഷം നിയമസഭയിലേക്കും നേരിടേണ്ടിവരുമെന്നുമാണ് മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടത്. 

കടുത്ത വിലപേശലിനൊടുവില്‍ ജോസ് കെ. മാണിക്കു രാജ്യസഭാ സീറ്റ് നല്‍കിയത് സിപിഎം കാണിച്ച ഉദാരമായ ആനുകൂല്യമാണെന്നാണ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പകളില്‍നിന്ന് ഒഴിവാക്കിയെന്ന പരാതിയില്‍ സിപിഎം വിശദീകരണം. യുഡിഎഫിലായിരിക്കെ മുന്‍പൊക്കെ തദ്ദേശതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി വിലപേശി 50 ശതമാനം പ്രാതിനിധ്യം മാണി വിഭാഗം വാങ്ങിയെടുത്തിരുന്നു.

എല്‍ഡിഎഫില്‍ ചേര്‍ന്നതിനുശേഷം നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച പ്രാതിനിധ്യംപോലും അടുത്ത തെരഞ്ഞെടുപ്പില്‍ കിട്ടില്ലെന്നാണ് നിലവിലെ ജനപ്രതിനിധികളുടെയും മണ്ഡലം ഭാരവാഹികളുടെയും ആക്ഷേപം.

 കോട്ടയത്തിനു പുറമെ മാണി വിഭാഗത്തിന് പിന്‍ബലമുള്ള പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും സിപിഎം നല്‍കുന്ന സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടിവരുമെന്നും മണ്ഡലം കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായി. ലോക്‌സഭാ തെരഞ്ഞെടപ്പിലെ കോട്ടയം തോല്‍വിക്കുശേഷം എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയോഗം വിളിച്ചുകൂട്ടുന്നതിലും സിപിഎം അമാന്തം കാട്ടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

Ex. MLA P.C ജോർജ്ജ് സംസാരിക്കുന്നു | PV Anvar | പൊളിറ്റിക്കൽ ഇസ്‌ലാം | #pvanvar #pcgeorge

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !