തുലാമഴ പടിവാതില്‍ക്കല്‍ നില്‍ക്കെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍.

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍.

തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫക്ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തിലുള്ളത്. 

മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും ഐസര്‍ മൊഹാലിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദര്‍ശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയില്‍ അടിഞ്ഞുകൂടി,

വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫക്ട് എന്ന് വിളിക്കുന്നത്. തുലാമഴ പടിവാതില്‍ക്കല്‍ നില്‍ക്കെ, പെരുമഴ പെയ്താല്‍, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ട്. മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയില്‍ അതിശക്തമായ മഴപെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. 

കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്. നിമിഷ നേരം കൊണ്ട് മര്‍ദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !