ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. അന്തരിച്ചു

എറണാകുളം : ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പ്രസിദ്ധ ധ്യാനഗുരുവുമായിരുന്ന ഫാ. ജോർജ് കരിന്തോളിൽ അന്തരിച്ചു.  (സെപ്റ്റംബർ 18, 2024) പുലർച്ചെ ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം.

ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്കു നയിച്ച വിശുദ്ധനായ വൈദികനായിരുന്നു ഫാ. ജോർജ് കരിന്തോളിൽ. ബൈബിൾ മനഃപാഠമായിരുന്ന കരിന്തോളിലച്ചൻ, ദൈവവചനത്തിന്റെ മനോഹാരിതയും ശക്തിയും ആളുകളിലേക്കെത്തിച്ച വചനത്തിന്റെ പുരോഹിതനായിരുന്നു. അലിവിന്റെയും കരുണയുടെയും ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചന്റെ മരണം കേരള കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണ്.

2012 മുതൽ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ, പരം പ്രസാദ് പ്രോവിന്സിന്റെ കാലടിയിലുള്ള ധ്യാനാശ്രമത്തിലായിരുന്ന അദ്ദേഹം, ദിവ്യകാരുണ്യ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുകയും ആളുകൾക്ക് ആത്മീയ ഉപദേശങ്ങൾ നൽകുകയും ചെയ്തുപോന്നു. അനേകായിരം ആളുകളാണ് കരിന്തോളിലച്ചന്റെ സഹായത്താൽ ജീവിതത്തിൽ നന്മയുടെ പാതയിലേക്ക്  തിരികെയെത്തിയത്.

കുടുംബം 

കരിന്തോളിൽ വർക്കി – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി മൂന്നിനായിരുന്നു അച്ചന്റെ ജനനം. കോതമംഗലം രൂപതയിലെ കൊടുവേലി ഇടവകയാണ് കരിന്തോളിലച്ചന്റെ സ്വദേശം. മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരുമാണ് അച്ചനുള്ളത്.

എം. സി. ബി. എസ്. സമൂഹത്തിലേക്ക് 

1969 ജൂൺ ഒന്നിനായിരുന്നു എം. സി. ബി. എസ്. സഭയിൽ ചേർന്നത്. 1972 മെയ് മാസം 17-ാം തീയതി ആദ്യവ്രതവാഗ്ദാനവും 1977 മെയ് മാസം 17-ാം തീയതി നിത്യവ്രതവാഗ്ദാനവും നടത്തി. 1978 ഡിസംബർ രണ്ടിന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ട് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.

പ്രവർത്തനമേഖലകൾ 

പുതുക്കാട് ഇടവകയിലെ അസിസ്റ്റന്റ് വികാരി, കൊല്ലാട് മൈനർ സെമിനാരിയിലെ പ്രൊക്കുറേറ്റർ, ആലുവ എം. സി. ബി. എസ്. സ്റ്റഡി ഹൌസിലെ ആത്മീയപിതാവ്, ഇല്ലിത്തോട് സന്നിധാന ആശ്രമത്തിന്റെ ഡയറക്ടർ, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിലെ ആത്മീയപിതാവ്, പിന്നീട് റെക്ടർ, കടുവക്കുളം ലിറ്റിൽ ഫ്ലവർ ഇടവക വികാരി, എം. സി. ബി. എസ്. സഭയുടെ യൂക്കരിസ്റ്റിക് ഡിപ്പാർട്ട്മെന്റിന്റെ കൗൺസിലർ, സുപ്പീരിയർ ജനറൽ, കരിമ്പാനി ആശ്രമത്തിലെ സുപ്പീരിയർ, കരിമ്പാനി ഇടവകയിലെ വികാരി, കാലടി ദിവ്യകാരുണ്യ ആശ്രമത്തിന്റെ ഡയറക്ടർ, ധ്യാനഗുരു എന്നീ നിലകളിൽ കരിന്തോളിലച്ചൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

2002-’08-കാലഘട്ടത്തിലായിരുന്നു ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനനറലായി അദ്ദേഹം ശുശ്രൂഷ ചെയ്തത്. സമൂഹത്തിന്റെ ആത്മീയവളർച്ചയുടെ കാലമായിരുന്നു അത്. നിയമങ്ങൾക്കപ്പുറം കരുണയുടെ സുവിശേഷമായിരുന്നു അദ്ദേഹം തന്റെ സമൂഹാംഗങ്ങൾക്കു പകർന്നുനൽകിയത്.

കാപ്പികുടിക്കുന്നതിന് മുൻപേ തുടങ്ങി ചില ദിവസങ്ങളിൽ പാതിരാത്രി വരെ നീണ്ടിരുന്നു. കൗൺസിലിങ്ങിനു വന്നവരെ കാണുന്നതുമൂലം അദ്ദേഹത്തിന്റെ ഭക്ഷണം ഇപ്പോഴും വൈകിയിരുന്നു. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നുമില്ല.

“കാണാൻ വന്നവരോട് പിന്നീടു സംസാരിക്കാം, അച്ചൻ വന്ന് ഭക്ഷണം കഴിക്ക്” എന്ന് സമൂഹത്തിലുള്ളവർ അച്ചനോട് പലപ്പോഴും പറയുമായിരുന്നു.

“അവർ ഒത്തിരി ദൂരെനിന്നും കഷ്ടപ്പട്ടു വന്നവരല്ലേ. ആദ്യം അവരോടു സംസാരിക്കാം. ഞാൻ പിന്നീട് കഴിച്ചോളാം,” എന്നതായിരുന്നു അച്ചന്റെ എപ്പോഴത്തെയും മറുപടി.

വിദേശങ്ങളിൽ ഉള്ളവർക്ക് ഫോണിലൂടെയും അച്ചൻ കൗൺസിലിങ് നൽകിയിരുന്നു. ഒരിക്കൽ വന്നവർ, അദ്ദേഹത്തെ മറന്നിരുന്നില്ല. ഹൃദ്യമായ സംസാരവും ആത്മാർത്ഥത നിറഞ്ഞ പെരുമാറ്റവുമായിരുന്നു അച്ചന്റേത്.

ആരും അറിയാതെ അനേകരെ സഹായിച്ച വൈദികൻ 

കരിന്തോളിലച്ചൻ സാമ്പത്തികമായി സഹായിച്ചിട്ടുള്ളവരുടെയും കണക്കെടുക്കാനാവില്ല. എവിടെയൊക്കെ ശുശ്രൂഷ ചെയ്തിട്ടുണ്ടോ, അവിടെയെല്ലാം ആളുകളെ സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്. അച്ചൻ ഫീസു കൊടുത്തു പഠിപ്പിച്ചു, ജോലി വാങ്ങി നൽകിയവർ കേരളത്തിൽ ഉടനീളെ കാണും. പക്ഷേ, സഹായിച്ചവരുടെ കണക്കെടുക്കുകയോ, അതിനെപ്പറ്റി മറ്റെവിടെയെങ്കിലും പറയുകയോ, പ്രസിദ്ധിയാഗ്രഹിക്കുകയോ ഒരിക്കലും ചെയ്തിട്ടില്ല. പാവപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിനും കുടുംബച്ചിലവുകൾ നടത്തുന്നതിനും അദ്ദേഹം പണം നൽകിയിരുന്നു. പക്ഷേ, ഒരു രൂപ പോലും സ്വന്തം കാര്യത്തിനായി അദ്ദേഹം ഉപയോഗിച്ചില്ല.

രോഗം, മരണം 

2017 മുതൽ കരൾസംബന്ധമായ അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും തന്റെ ആത്മീയശുശ്രൂഷകൾക്ക് അദ്ദേഹം മുടക്കം വരുത്തിയില്ല. ആശുപത്രിക്കിടക്കയിൽവച്ചു പോലും തന്റെ രോഗം പരിഗണിക്കാതെ അടുത്തെത്തിയിരുന്നവർക്ക് അദ്ദേഹം ആശ്വാസം പകർന്നിരുന്നു.

രോഗവും അസ്വസ്ഥതയും വർധിച്ചതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു. അവിടെവച്ച്, 2024 സെപ്റ്റംബർ മാസം 18-ാം തീയതി പുലർച്ചെ, 5.15-ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.

എം. സി. ബി. എസ്. സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ മുഖമായിരുന്നു ഫാ. ജോർജ് കരിന്തോളിൽ. കരുണയും മനുഷ്യത്വവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്നു. തന്റെ അടുത്തു വന്നരെയെല്ലാം അദ്ദേഹം ആത്മീയമായി ചേർത്തണച്ചു; ആരെയും അദ്ദേഹം അകറ്റിനിർത്തിയില്ല. സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള വേർതിരിവ് അദ്ദേഹം ഒരിക്കലും കാണിച്ചില്ല.

ബഹുമാനപ്പെട്ട കരിന്തോളിലച്ചന്റെ മരണം അനേകരെ ഈ ഭൂമിയിൽ അനാഥരാക്കുന്നു എന്നത് യാഥാർഥ്യമാണ്.

കരുണയുടെ ആത്മീയാചാര്യന് പ്രണാമം!

ജി . കടൂപ്പാറയിൽ mcbs

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !