അബുദാബി: സ്വദേശിവൽക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കിൽ വൻ തുക പിഴ ഈടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതൽ 49 തൊഴിലാളികൾ വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു സ്വദേശിയെ എങ്കിലും നിയമിക്കണമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) ഉത്തരവിട്ടു.
സ്വദേശിവൽക്കരണം വിപുലീകരിക്കാനുള്ള കാബിനറ്റ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ നിർദേശം. 2025ലും ഇതേ രീതിയിൽ കമ്പനികൾ യുഎഇ പൗരന്മാരെ നിയമിക്കണം. വിദ്യാഭ്യാസം, ശാസ്‌ത്രം, സാങ്കേതികം, ആരോഗ്യം തുടങ്ങി 14 മേഖലകളിലുള്ള 12,000ത്തിലധികം കമ്പനികളെ ഈ തീരുമാനം ബാധിക്കും. ദ്രുതഗതിയിലുള്ള വളർച്ച കൈവരിക്കുന്ന മേഖലകളാണിത്. കൂടാതെ ധാരാളം തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.2024ൽ നൽകിയ നിർദേശപ്രകാരമുള്ള സ്വദേശിവൽക്കരണം നടപ്പിലാക്കാത്ത കമ്പനികൾക്ക് 96,000 ദിർഹം (2185813 രൂപ) ജനുവരിയിൽ പിഴ അടയ്‌ക്കേണ്ടി വരും. 2025ലും നിയമലംഘനം നടത്തിയാൽ 2026 ജനുവരിയിൽ 108,000 ദിർഹം (2459039 രൂപ) പിഴ അടയ്‌ക്കേണ്ടി വരും.
2024 ജനുവരി ഒന്നിന് മുമ്പ് നിയമിക്കപ്പെട്ട യുഎഇ പൗരന്മാരെ കമ്പനിയിൽ നിലനിർത്തണം. അവർക്ക് പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക, ഡബ്ല്യുപിഎസ് വഴി അവരുടെ വേതന സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളും നടപ്പിലാക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ജോലിക്കായി യുഎഇ പൗരന്മാർ ആശ്രയിക്കുന്ന നാഫിസ് പ്ലാറ്റ്‌ഫോമിലൂടെ തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തിയാൽ കമ്പനികൾക്ക് എളുപ്പത്തിൽ പറഞ്ഞ സംഖ്യ തികയ്‌ക്കാൻ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.