പാലക്കാട് : കാനഡ, ന്യൂസീലൻഡ്, സെർബിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കു വീസയും ഉയർന്ന ശമ്പളത്തോടെ ജോലിയും വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു വൻതുക തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ചക്കാന്തറ സ്വദേശി ദൃശ്യൻ കനോലി (33) ആണു പിടിയിലായത്. വിദേശത്തു ജോലിക്കു ശ്രമിക്കുന്ന യുവാക്കളെ സ്വാധീനിച്ച് 5 മുതൽ 10 ലക്ഷം രൂപവരെ കൈക്കലാക്കുന്ന സംഘം 4 വർഷമായി സംസ്ഥാനത്തു പ്രവർത്തിക്കുന്നതായാണു വിവരം.സമൂഹ മാധ്യമങ്ങൾ വഴിയാണു തൊഴിലവസരം വാഗ്ദാനം ചെയ്യുന്നത്.പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് ഒട്ടേറെ തട്ടിപ്പുകൾ നടത്തിയതായാണു സൂചന. അറസ്റ്റിലായ ദൃശ്യൻ പാലക്കാട്ട് വിവിധ പേരുകളിലായി സ്ഥാപനങ്ങൾ നടത്തി ഒട്ടേറെപ്പേരെ വഞ്ചിച്ചതായാണു പൊലീസിനു ലഭിച്ച വിവരം.
പരാതികൾ ഉയരുമ്പോൾ ബന്ധുക്കളെയും മറ്റും സ്വാധീനിച്ച് തുക തിരികെ നൽകാമെന്ന വ്യാജ കരാർ ഉണ്ടാക്കും. പിന്നീട് ഒളിവിൽ പോകും. ഇത്തരം കരാറുകൾ നിയമപരമല്ലാത്തതിനാൽ ചതിക്കപ്പെട്ടവർ നിസ്സഹായരാകുന്നതും സംഘത്തിനു തണലായി.
ആലത്തൂർ സ്വദേശി നൽകിയ പരാതിയാണ് അറസ്റ്റ്. ഇയാളിൽ നിന്ന് 3.5 ലക്ഷം രൂപയാണു തട്ടിയെടുത്തത്. ഇദ്ദേഹത്തോടൊപ്പം പണം നൽകിയ 20 പേർക്ക് 3 മുതൽ 5 ലക്ഷം രൂപവരെ നഷ്ടപ്പെട്ടിട്ടുണ്ട്. സംഘത്തിനായി വ്യാജ കരാർ തയാറാക്കുന്നവരെക്കുറിച്ചും, വ്യാജ മെഡിക്കൽ പരിശോധനയ്ക്ക് അയയ്ക്കുന്നതു സംബന്ധിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
സംഘത്തിനായി അങ്കമാലി, ചാലക്കുടി, ആലുവ കേന്ദ്രീകരിച്ച് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് കാടാങ്കോട്, കൊടുമ്പ് എന്നിവിടങ്ങളിൽ പ്രതികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചിട്ട നിലയിലാണ്. കൂട്ടു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.