ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് സ്ഥാനലബ്ധിക്ക് പിന്നിലെന്ന് നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി.
എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഷി.
‘‘മറ്റേതെങ്കിലും പാർട്ടിയിൽ ആണെങ്കിൽ തനിക്ക് മത്സരിക്കാൻ സീറ്റു പോലും ലഭിക്കുമായിരുന്നില്ലെന്നും അതിഷി പറഞ്ഞു. കേജ്‌രിവാളാണ് തന്നെ എംഎൽഎയും മന്ത്രിയും ആക്കിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി.’’– അതിഷി പറഞ്ഞു.
പക്ഷേ താൻ ദുഃഖിതയാണെന്ന് അതിഷി കൂട്ടിച്ചേർത്തു. ‘‘എന്റെ ബഡാ ഭായി അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നതിൽ ഞാൻ ദുഃഖിതയാണ്. ഡൽഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് അദ്ദേഹം.
ഡൽഹിയിലെ 2 കോടി ജനങ്ങളെ സാക്ഷി നിർത്തി ഞാൻ പറയുന്നു, എഎപി എംഎൽഎമാരെ സാക്ഷി നിർത്തി ഞാൻ പറയുന്നു, ഡൽഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയെ ഉള്ളൂ, അത് അരവിന്ദ് കേജ്‌രിവാളാണ്.’’– അതിഷി പറഞ്ഞു.
കഴിഞ്ഞ 2 വർഷമായി ബിജെപി കേജ്‌രിവാളിനെ വേട്ടയാടുകയാണെന്നും അതിഷി ആരോപിച്ചു. ഐആർഎസ് ജോലി ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടിയുമായി തിരഞ്ഞെടുപ്പിന് നേരിട്ട വ്യക്തിയാണ് അദ്ദേഹം. പിന്നാലെ മുഖ്യമന്ത്രിയുമായി.
അത്തരമൊരു ആളുടെ പേരിലാണ് ബിജെപി വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത്. അതിനായി ഇഡി, സിബിഐ തുടങ്ങി ഏജൻസികളെയും കേന്ദ്ര സർക്കാർ ഉപയോഗിച്ചു.
വ്യാജ കേസ് ചമച്ച് 6 മാസം ജയിലിലിട്ടു. പക്ഷേ സുപ്രീം കോടതിക്ക് സത്യം മനസിലായി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുകയാണെന്നും അതിഷി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.