കൊച്ചി: ജയിലിൽ തുച്ഛമായ ശമ്പളം വാങ്ങുന്ന പൾസർ സുനിക്ക് സുപ്രീം കോടതിയിൽ പോകാൻ ലക്ഷങ്ങൾ മുടക്കിയതാരെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര.
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിൽ നിന്നിറങ്ങുന്നതോടെ ദിലീപടക്കം ഈ കേസിൽ പ്രബലന്മാരായി നിൽക്കുന്ന ആളുകളെ സഹായിക്കാനായി പൾസർ സുനി നൂറ് ശതമാനം ശ്രമിക്കുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
പൾസർ സുനിക്ക് ജയിലിലെ ശമ്പളം 63 രൂപ മുതൽ നൂറ് രൂപ വരെയാണെന്ന് ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.
ജയിൽ അടുക്കളയിലാണ് ഇയാൾക്ക് ജോലി. ഏഴര വർഷമായി ജയിലിൽത്തന്നെയാണ് അയാൾ കിടക്കുന്നത്. ലക്ഷങ്ങൾ മുടക്കി നാലാം തവണയും സുപ്രീംകോടതിയിൽ പോകണമെങ്കിൽ സുനിയെ സഹായിക്കുന്നതാരാണ്.
ഇതെല്ലാം പല തവണ നമ്മൾ ചോദിച്ചിട്ടുള്ള ചോദ്യമാണ്. താൻതന്നെ പല മാധ്യമങ്ങൾക്കുമുന്നിലും ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"സഹ തടവുകാരനായ ജിൻസണോട് 250 രൂപ ചോദിക്കുന്ന ഓഡിയോ വരെ പുറത്തുവന്നിട്ടുണ്ട്. സുനിക്കുവേണ്ടി കാശുമുടക്കിയത് ആരാണെന്നാണ് ആദ്യം അറിയേണ്ടത്.
അതിന്റെ ആവശ്യകത ആർക്കാണ്? ഇതിൽനിന്ന് ഒരു കാര്യം മനസിലായി. സർക്കാർ പറയുന്നതുപോലെ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയത് പൾസർ സുനിയൊന്നുമല്ല.
അതിനുപിന്നിൽ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപാണ്. കാരണം 66 പ്രാവശ്യമാണ് സുനിക്കുവേണ്ടി സുപ്രീം കോടതിയിൽ ഹർജി കൊടുത്തത്.
87 ദിവസം അന്വേഷണോദ്യോഗസ്ഥനെ വിചാരണ ചെയ്തു. 46 ദിവസം ബാലചന്ദ്ര കുമാർ എന്നയാളെ വിചാരണ ചെയ്തു.
മൂന്ന് കോടതികളിൽ നിന്ന് മൂന്നു പ്രാവശ്യം മെമ്മറി കാർഡ് ചോർന്നുപോയിട്ട് അതിനുള്ള വ്യക്തമായ ഉത്തരം ഈ കോടതികളിൽ ആരെങ്കിലും തന്നോ? അതൊന്നും ആരും ചർച്ച ചെയ്യുന്നില്ല.
ഒരു പെൺകുട്ടിയുടെ മാനം അടങ്ങുന്ന മെമ്മറി കാർഡാണ് മൂന്ന് കോടതികളിൽനിന്ന് പുറത്തുപോയത്. അതിനുശേഷം രണ്ടര വർഷത്തോളം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തിവെച്ചു.
അവസാനം പ്രോസിക്യൂഷൻ ചോദിച്ചപ്പോഴാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അതയച്ചുകൊടുത്തത്. ഇതെവിടത്തെ നീതിയും നിയമവുമാണ്?" ബൈജു കൊട്ടാരക്കര ചോദിച്ചു.
സുപ്രീം കോടതിയുടെ ചൊവ്വാഴ്ചത്തെ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ പുറത്തുവരട്ടേയെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
ഇനി സംഭവിക്കാൻ പോകുന്നത്, പൾസർ സുനി പുറത്തിറങ്ങുന്നതോടെ ബാക്കി പ്രതികളുമായി ചേർന്ന് പല വെളിപ്പെടുത്തലുകളും നടത്തും.
അതിനോടനുബന്ധിച്ച് ഈ കേസിനെ അട്ടിമറിക്കാനുള്ള എല്ലാ കാര്യങ്ങളും അയാൾ ചെയ്യും. ദിലീപടക്കം ഈ കേസിൽ പ്രബലന്മാരായി നിൽക്കുന്ന ആളുകളെ സഹായിക്കാനായി പൾസർ സുനി നൂറ് ശതമാനം രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.