ന്യൂഡൽഹി: യു.പിയിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചു.
പാസ്‌പോർട്ടും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) അംഗത്വ രേഖയും അടക്കം തിരികെ നൽകാൻ നിര്‍ദേശിക്കണമെന്നാണ് ആവശ്യം. സിദ്ദിഖിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചക്കുള്ളിൽ മറുപടി അറിയിക്കാനാണ് കോടതി നിർദേശിച്ചത്.
കാപ്പന് ജാമ്യം അനുവദിക്കുമ്പോൾ പാസ്സ്‌പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. പാസ്പോർട്ട് പുതുക്കുന്നതിനായി അത് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അറസ്റ്റിലാകുമ്പോൾ കാപ്പന്റെ എ.ടി.എം കാർഡ്, ക്രെഡിറ്റ് കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസെൻസ്, മെട്രോ കാർഡ് തുടങ്ങിയവയും ഫോട്ടോയും യു.പി പോലീസ് പിടിച്ചെടുത്തിരുന്നു.
ഇതിന് പുറമെ, കേരള പത്ര പ്രവർത്തക യൂണിയന്റെ അംഗത്വ രസീതുകളും ഉത്തർപ്രദേശ് പോലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തിലുള്ള എല്ലാ രേഖകളും തിരികെ നൽകാൻ നിർദേശിക്കണമെന്നാണ് കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുമ്പോൾ എല്ലാ തിങ്കളാഴ്ചയും കേരളത്തിലെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നും സുപ്രീം കോടതിയിൽ സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ സർക്കാരിന് നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.
തുടർന്നാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. സിദ്ദിഖ് കാപ്പന് വേണ്ടി അഭിഭാഷകനായ ഹാരിസ് ബീരാൻ, ആനന്ദ് മേനോൻ എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.