കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റവിമുക്തനായി. തന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ മോൻസന്റെ മേക്കപ്പ്മാനായ ജോഷി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ അതിവേഗ കോടതി മോൻസൻ മാവുങ്കലിനെ വെറുതെ വിടുകയായിരുന്നു. മോൻസനെതിരെയുള്ള രണ്ടാമത്തെ പോക്സോ കേസായിരുന്നു ഇത്.
ഈ കേസിൽ ജോഷി ഒന്നാം പ്രതിയും മോൻസൻ രണ്ടാം പ്രതിയുമായിരുന്നു. അതേസമയം, ഇതേ അതിജീവിതയെ പീഡിപ്പിച്ച കേസിൽ എറണാകുളത്തെ പോക്സോ കോടതി മോൻസനെ നേരത്തേ ശിക്ഷിച്ചിരുന്നു. ഇതിനു പുറമെ സാമ്പത്തിക തട്ടിപ്പുകളടക്കം 16ഓളം കേസുകൾ ഉള്ള മോൻസൻ ജയിലിൽ തന്നെ തുടരേണ്ടി വരും.
ജോഷി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തെന്നും വിവരം മറച്ചുവച്ചു എന്നുമായിരുന്നു മോൻസെനെതിരെയുള്ള കേസ്. കെയർടേക്കർ ആകേണ്ടിയിരുന്ന മോൻസൻ പക്ഷേ, ജോഷി കുട്ടിയെ പീഡിപ്പിക്കുന്നത് തടഞ്ഞില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ജോഷിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി മോൻസനെ വെറുതെ വിടുകയായിരുന്നു. ജോഷിക്കുള്ള ശിക്ഷ ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും.
2019ലായിരുന്നു മോൻസൻ ശിക്ഷിക്കപ്പെട്ട പീഡനമുണ്ടായത്. വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ച കേസിലാണ് 2023ൽ മോൻസനെ എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതയും മാതാവും പരാതി നൽകുകയായിരുന്നു. പോക്സോ കേസ് വിധിക്കെതിരെ മോൻസൻ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.