മലപ്പുറം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇടത് എംഎല്‍എ പി.വി.അന്‍വര്‍.
ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് അന്‍വറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അന്‍വര്‍ പരസ്യപ്രതികരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു.
പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
അതേസമയം പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
'പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ. ഈ പാര്‍ട്ടിയും വേറെയാണ്,ആളും വേറേയാണ്.
ഞാന്‍ നല്കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്.ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകന് എന്ന നിലയില്‍ എന്റെ പാര്‍ട്ടി നല്കിയ നിര്‍ദേശം ശിരസ്സാല്‍ വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്' അന്‍വര്‍ കുറിച്ചു.
അന്‍വറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്, ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്, പൊതുസമൂഹത്തിനോട്, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.
ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. എന്നാല്‍, ഇത് സാധാരണക്കാരായ പാര്‍ട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവര്‍ത്തനമാണ്.
പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.
വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നല്കിയ പരാതിയിന്മേല് സര്‍ക്കാര്‍ പല അടിയന്തര നടപടികളും സ്വീകരിച്ചതില്‍ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.
എന്നാല്‍ കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് അന്നും,ഇന്നും വിയോജിപ്പുണ്ട്.അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്.
ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ പ്രിയപ്പെട്ട പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്.
മറ്റ് വഴികള്‍ എനിക്ക് മുന്പില് ഉണ്ടായിരുന്നില്ല.അക്കാര്യത്തില്‍ നിങ്ങള്‍ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.
'വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായി എഴുതി നല്കിയാല് അവ പരിശോധിക്കും' എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി.ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചിരുന്നു.
വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമയബന്ധിതമായി വേണ്ട പരിശോധനകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം 'ഇന്നും' വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ആര്.എസ്.എസ് സന്ദര്‍ശ്ശനത്തില്‍ തുടങ്ങി,തൃശ്ശൂര്‍പൂരം മുതല്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത് വരെയും,സ്വര്‍ണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാന്‍ ഉയര്‍ത്തിയത്.
ഇക്കാര്യത്തില്‍ 'ചാപ്പയടിക്കും,മുന്‍ വിധികള്‍ക്കും'(എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം)അതീതമായി നീതിപൂര്‍വ്വമായ പരിശോധനയും നടപടിയും ഈ പാര്‍ട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം.
ഈ ചേരിക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാര്‍ട്ടിയോട് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്.
നല്കിയ പരാതി, പാര്‍ട്ടി വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും,ചില പുഴുക്കുത്തുകള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്.ഇക്കാര്യങ്ങള്‍ എല്ലാം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ.ഈ പാര്‍ട്ടിയും വേറെയാണ്,ആളും വേറേയാണ്.
ഞാന്‍ നല്കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്.ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകന് എന്ന നിലയില്‍ എന്റെ പാര്‍ട്ടി നല്കിയ നിര്‍ദ്ദേശം ശിരസ്സാല്‍ വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
'ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണ്'. എന്റെ പാര്‍ട്ടിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.
നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍. സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. സഖാക്കളേ നാം മുന്നോട്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.