കൽപറ്റ: വയനാട് ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുത്രിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ മൃതദേഹം ആണ്ടൂരിലെ വീട്ടിലെത്തിച്ചപ്പോൾ നാടാകെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനെത്തി.
കഴിഞ്ഞ ദിവസം ശ്രുതിക്കും ബന്ധുക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോൾ വാൻ ബസിലിടിച്ചാണ് ജെൻസൻ മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയുടെ അടുത്തെത്തിച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
ജെൻസനെ അവസാനമായി കാണാൻ എത്തിവരുടെയെല്ലാം കണ്ണ് ഈറനണിഞ്ഞു. പ്രാർഥനകൾക്കൊടുവിൽ വൈകിട്ട് ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ ജെൻസന്റെ മൃതദേഹം സംസ്കരിച്ചു.
ഈ മാസമാണ് ജെൻസന്റെയും ശ്രുതിയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. അപകടത്തിൽ കാലിനു പരുക്കേറ്റ ശ്രുതി ആശുപത്രിയിൽ ചികിത്സയിലാണ്.
ജെൻസന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു ശ്രുതിയെ കാണിച്ച ശേഷമാണ് ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. പിതാവ് ജയനും സഹോദരി ജെൻസിയും സഹോദരൻ ജെയ്സനും പൊട്ടിക്കരഞ്ഞു.
മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലുണ്ടായിരുന്ന ജെൻസന്റെ മൃതദേഹം രാവിലെ 9.45നാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആണ്ടൂരിലെ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വച്ചു.
ചൂരൽമല ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു.
പ്രതിശ്രുത വരൻ ജെൻസനായിരുന്നു ശ്രുതിയുടെ ജീവിതത്തിലെ പ്രതീക്ഷ. ഒറ്റയ്ക്കായി എന്ന് തോന്നാതിരിക്കാൻ ജെൻസൻ എപ്പോഴും ശ്രുതിക്കൊപ്പം ചേർന്നു നിന്നു.
ചൊവ്വാഴ്ച വാഹനാപകടം സംഭവിക്കുമ്പോഴും ശ്രുതിക്കൊപ്പം ജെൻസനുണ്ടായിരുന്നു. അതായിരുന്നു അവർ ഒരുമിച്ച് നടത്തിയ അവസാന യാത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.