ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് ടോൾ പ്ലാസകൾ പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ചു നിരീക്ഷിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ദേശീയപാത അതോറിറ്റിയുടെ അംഗീകാരമുളള ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് വികസിപ്പിച്ച ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ടോൾ പ്ലാസകൾ തത്സമയം നിരീക്ഷിക്കുക.
ആദ്യഘട്ടത്തിൽ ഇതിനായി 100 ടോൾ പ്ലാസകൾ തിരഞ്ഞെടുത്തു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം സോഫ്റ്റ്‍വെയർ തത്സമയം നിരീക്ഷിക്കും.ടോൾ പ്ലാസകളിൽ സമയ നഷ്ടമില്ലാതെയുള്ള ഗതാഗതം ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം.
ഗതാഗതത്തിരക്ക് സംബന്ധിച്ച് ദേശീയപാത ഹെൽപ്പ്‌ലൈൻ നമ്പരായ 1033 വഴി ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ടോൾ പ്ലാസകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
കാത്തിരിപ്പ് സമയം അഞ്ചു മിനിറ്റോ അതിൽ കൂടുതലോ ഉള്ള 100 ടോൾ പ്ലാസകളാണ് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. ഘട്ടംഘട്ടമായി കൂടുതൽ ടോൾ പ്ലാസകളിലേക്ക് നിരീക്ഷണ സേവനം വ്യാപിപ്പിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ടോൾ പ്ലാസയുടെ പേരും സ്ഥലവും നൽകുന്നതിന് പുറമെ, വാഹനങ്ങളുടെ വരിയുടെ നീളം (മീറ്ററിൽ), തത്സമയ നില, ടോൾ പ്ലാസയിലെ മൊത്തം കാത്തിരിപ്പ് സമയം, വാഹന വേഗത എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സോഫ്റ്റ്‌വെയർ ലഭ്യമാക്കും.
ടോൾ പ്ലാസയിൽ വാഹനങ്ങളുടെ തിരക്ക് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ, തിരക്ക് സംബന്ധിച്ച മുന്നറിയിപ്പും നൽകും.
രാജ്യത്തുടനീളമുള്ള ദേശീയപാത അതോറിറ്റിയുടെ ഫീൽഡ് ഓഫീസുകളുമായാണ് ടോൾ പ്ലാസകൾ, വെബ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയറിൽ ബന്ധപ്പെടുത്തിയിരിക്കുന്നത്.
ടോൾ പ്ലാസകളിലെ ഗതാഗത തിരക്ക് മണിക്കൂർ, ദിവസേന, പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തിൽ സ്ഥിതിവിവരക്കണക്കുകളിലൂടെ വിശകലനം ചെയ്യാൻ സോഫ്റ്റ്‌വെയർ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ സഹായിക്കും.
കൂടാതെ, നിലവിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പ്രാദേശിക ഉത്സവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സോഫ്റ്റ്‌വെയർ നൽകും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും മുൻകൂർ നടപടികൾ സ്വീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥരെ ഇത് പ്രാപ്തരാക്കും.
ദേശീയപാത ഉപയോക്താക്കൾക്ക്, രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ തത്സമയ നിരീക്ഷണവും ട്രാക്കിങ് സംവിധാനവും വഴി തടസ്സമില്ലാതെ ടോൾ നൽകുന്നതിനും സുഗമമായ യാത്രയ്‌ക്കും ഇതിലൂടെ അവസരം ലഭിക്കുമെന്നുമാണ് ദേശീയപാത അതോറിറ്റി കരുതുന്നത്.
ടോൾ പ്ലാസകളിലെ വാഹനിര 100 മീറ്റർ പരിധിക്ക് പുറത്തേക്ക് നീണ്ടാൽ സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം നടപ്പാക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് തീരുമാനം ഉണ്ടായത്. ഫാസ്ടാഗ് സംവിധാനം പൂർണമായും നടപ്പായതോടെ 2021 മുതാലാണ് ദേശീയപാത അതോറിറ്റി സംവിധാനം 100 മീറ്റർ പരിധി ഏർപ്പെടുത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.