ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗർ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒരുങ്ങി വനിതാ നാവികർ. ഐഎൻഎസ്‍വി തരിണിയിൽ ലോകം ചുറ്റുന്ന ദൗത്യമാണ് ഇന്ത്യൻ നാവികസേന ഉടൻ ആരംഭിക്കുന്നത്.
ഇന്ത്യൻ നേവി ഓഫിസർമാരായ ലഫ്റ്റനന്റ് സിഡിആർ എ.രൂപ, ലെഫ്റ്റനന്റ് സിഡിആർ കെ.ദിൽന എന്നിവരാണ് നാവിക സാഗർ പരിക്രമയുടെ രണ്ടാം പതിപ്പിൽ ഭാഗമാകുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി ഇരുവരും ദൗത്യത്തിനായുള്ള തയാറെടുപ്പിലായിരുന്നെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ‘നാവിക സാഗർ പരിക്രമ’യുടെ രണ്ടാം ദൗത്യത്തിന്റെ ലോഗോയും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
നാവികസേനയുടെ അഭിമാനത്തെയും പാരമ്പര്യത്തെയും സേന മുന്നോട്ട് വയ്ക്കുന്ന ലിംഗ സമത്വത്തെയും സൂചിപ്പിക്കുന്നതാണ് പുറത്തുവിട്ട ലോഗോ.
ഗോൾഡൻ ഗ്ലോബ് റേസ് ഹീറോയും റിട്ടയേർഡ് മലയാളി നാവികനുമായ അഭിലാഷ് ടോമിയുടെ കീഴിലാണ് വനിതാ നാവികർ ‘നാവിക സാഗർ പരിക്രമ’യ്ക്ക് തയാറെടുക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ദൗത്യത്തിനായി നിരവധി സമുദ്രയാത്രകളും ഇവർ നടത്തി. കഴിഞ്ഞ വർഷം ഗോവയിൽ നിന്ന് കേപ്ടൗൺ വഴി റിയോ ഡി ജനീറോയിലേക്കുള്ള സമുദ്രാന്തര പര്യവേഷണം നടത്തിയ ആറംഗ സംഘത്തിൽ വനിതാ നാവികർ ഭാഗമായിരുന്നു.
പിന്നീട് ഗോവയിൽ നിന്ന് ശ്രീ വിജയപുരത്തേക്കും (മുൻപ് പോർട്ട് ബ്ലെയർ) തിരിച്ചും ഇവർ തങ്ങളുടെ യാത്രാ നടത്തി. ഈ വർഷം ആദ്യം ഇരുവരും ഗോവയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്കും പരിശീലനത്തിന്റെ ഭാഗമായി വിജയകരമായി യാത്രാ നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.