ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനില്‍ നിന്ന് 1600 കിലോയോളം പഴകിയ ആട്ടിറച്ചിയും കോഴിയിറച്ചിയും പിടികൂടി.
ദില്ലിയില്‍ നിന്നെത്തിയ ട്രെയിനിലാണ് ഭക്ഷ്യസുരക്ഷാ സംഘം പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.28 ബോക്സുകളിലായി 1,556 കിലോഗ്രാം മാംസമാണ് ഉണ്ടായിരുന്നത്. അഴുകിയ മട്ടണ്‍, ചിക്കൻ, ചീസ്, കബാബ്, കൂണ്‍ എന്നിവയാണ് ബോക്സുകളിലുണ്ടായിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ശീതീകരണ സംവിധാനം ഇല്ലായിരുന്നു. പാഴ്സലുകളില്‍ പുഴുക്കള്‍ നിറഞ്ഞിരുന്നു. അയച്ചവരുടെയോ സ്വീകർത്താക്കളുടെയോ കൃത്യമായ വിവരം ഇല്ലാതിരുന്നത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി.
ബന്ധപ്പെടാനുള്ള വിശദാംശങ്ങളില്ലാതെ രണ്ട് പേരുകള്‍ മാത്രമാണ് ലഭിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ പി സതീഷ് കുമാർ പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പിടികൂടിയ ഇറച്ചി പിന്നീട് കൊടുങ്ങയ്യൂർ ഡമ്പിങ് യാർഡില്‍ നശിപ്പിച്ചു. വിജയവാഡയില്‍ പെയ്ത മഴ ചരക്കുനീക്കം വൈകാൻ ഇടയാക്കി.
ഇതും മാംസം അഴുകാൻ കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എ സദാശിവം, അലഗു പാണ്ടി, ജെബരാജ്, രാജപാണ്ടി, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്.
പലപ്പോഴും ഭക്ഷ്യവസ്തുക്കള്‍ പാഴ്സല്‍ ചെയ്യുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പാഴ്സലില്‍ എന്താണെന്ന് ലേബല്‍ ചെയ്യണം. ആർക്ക് ആര് അയക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തണം.
കേടാകുന്ന ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ കൃത്യമായ ശീതീകരണ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും തെർമോകോള്‍ പെട്ടികളില്‍ ഭക്ഷണം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സതീഷ് കുമാർ പറഞ്ഞു.
മാംസം കൃത്യമായി മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം കശാപ്പ് ചെയ്ത തിയ്യതി, സമയം എന്നിവ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 20ന് എഗ്മൂർ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സമാനമായ രീതിയില്‍ 1600 കിലോ പഴകിയ ആട്ടിറച്ചി പിടികൂടിയിരുന്നു.
ചെന്നൈയുടെ പ്രതിദിന മാംസ ഉപഭോഗം ഏകദേശം 6,000 കിലോയാണ്. വാരാന്ത്യങ്ങളിലും ഉത്സവ ദിവസങ്ങളിലും ഇത് ഇരട്ടിയാകും. അതിനാല്‍ സംസ്ഥാനത്തിന്‍റെ തെക്കൻ ജില്ലകളില്‍ നിന്നും ജയ്പൂർ, ദില്ലി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും മാംസം എത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.