കണ്ണൂർ: കൊതുക് പരത്തുന്ന പകർച്ചവ്യാധികള്‍ നിയന്ത്രിക്കാൻ പാടുപെടുന്നതിനിടെ കണ്ണൂരില്‍ ചെള്ള് പനിയുമെത്തി. ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കൻ മരിച്ചു.
രോഗം സങ്കീർണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയത്.നിസ്സാരമായി കാണേണ്ടതല്ല ഈ രോഗം. തുടക്കത്തില്‍തന്നെ കണ്ടെത്തി ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കില്‍ അസുഖം ഗുരുതരമായി മരണത്തിന് കാരണമാകാം.
ഒറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി (സ്ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് പൊതുവേ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളില്‍നിന്ന് നേരിട്ടല്ല രോഗാണുക്കള്‍ മനുഷ്യരിലെത്തുന്നത്.
മൃഗങ്ങളുടെ ശരീരത്തില്‍ കാണുന്ന ചെള്ള് വർഗത്തില്‍പ്പെട്ട ജീവികളുടെ ലാർവല്‍ ദശയായ ചിഗ്ഗർ മൈറ്റുകള്‍ കടിക്കുന്നത് വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് ഇത് പടരില്ല.
ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുനിന്ന് ബാക്ടീരിയ രക്തത്തിലേക്ക് കടന്ന് പെരുകുന്നു. ലാർവല്‍ മൈറ്റ് കടിച്ചാല്‍ രണ്ടാഴ്ചക്കകം രോഗലക്ഷണം ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു.
വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കല്ലേ
ചെള്ളുപനി പ്രതിരോധിക്കുന്നതിനായി എലിനശീകരണ പ്രവർത്തനങ്ങള്‍ ചെയ്യണം. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായരീതിയില്‍ സംസ്കരിക്കണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
വസ്ത്രത്തില്‍ പറ്റിപ്പിടിക്കുന്ന മൈറ്റുകള്‍ ശരീരത്തിലെത്താം. ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍, വ്യക്തിഗത സുരക്ഷാമാർഗങ്ങള്‍ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക. മൈറ്റ്കളുടെ സാന്നിധ്യം സംശയിക്കുന്നെങ്കില്‍ കടിയേല്‍ക്കാതിരിക്കാൻ സഹായിക്കുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക. കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
എന്താണ് ചെള്ളുപനി?
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ലക്ഷണങ്ങള്‍
ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്ബോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്കാർ) മാറുകയും ചെയ്യുന്നു.
കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
രോഗനിർണയം
സ്ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്.
ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങള്‍
സ്ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.
പ്രതിരോധ മാർഗങ്ങള്‍
പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗർ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.
എലി നശീകരണ പ്രവർത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം.
പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.