ഇന്ത്യ : ആഗോള ഓഹരി വിപണികളില്‍ നിന്നും 2.9 ട്രില്യന്‍ ഡോളര്‍ ഒലിച്ചു പോയതോടെ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നുള്ള ആശങ്ക ഏറിയിരിക്കുന്നു.
ഫിനാന്‍ഷ്യല്‍ അനലിസ്റ്റും വാല്യൂ ഇന്‍വെസ്റ്ററുമായ ജേക്കബ് കിംഗ് ആണ് ഇക്കാര്യം എക്സില്‍ കുറിച്ചത്. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെത്തി നില്ക്കുന്നു എന്ന ശ്രുതി പടര്‍ന്നതോടെ ഇന്നലെ വെള്ളിയാഴ്ച യൂറോപ്പിലെയും ഏഷ്യയിലെയും ന്യൂയോര്‍ക്കിലെയും വിപണികള്‍ ഇടഞ്ഞു.
അമേരിക്കയില്‍ തൊഴിലില്ലായ്മ പ്രതീക്ഷിച്ച രീതിയില്‍ പരിഹരിക്കാന്‍ ആയില്ല എന്ന റിപ്പോര്‍ട്ട് കൂടി വന്നതോടെ വീഴ്ചയുടെ ആക്കം വര്‍ദ്ധിക്കുകയായിരുന്നു. 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ ഉല്‍പ്പാദന മേഖലയിലെ തകര്‍ച്ച പ്രതിപാദിച്ചുകൊണ്ട് ഈവാരം ആദ്യം ഇറങ്ങിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ വിപണിയുടെ കുതിപ്പിന്റെ വേഗത കുറഞ്ഞിരുന്നു. സെമി കണ്ടക്ടര്‍ ഉല്‍പ്പാദകരായ ഇന്റലിന്റെ നിരാശജനകമായ റിപ്പോര്‍ട്ട് കൂടി വന്നെത്തിയതോടെ വിപണിയുടെ തകര്‍ച്ച ആരംഭിച്ചിരുന്നു.
ഇന്നലെ ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ വന്‍ തകര്‍ച്ചയായിരുന്നു ആഗോള ഓഹരി വിപണിയില്‍ ഉണ്ടായത്. അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും വലിയ 500 കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.
ആമസോണ്‍ ഉള്‍പ്പടെയുള്ള പല ഭീമന്മാര്ക്കും ഇന്നലെ കനത്ത നഷ്ടമാണുണ്ടായത്. 12.5 ശതമാനം ഇടിവാണ് ആമസോണിന് സംഭവിച്ചതെങ്കില്‍ ഇന്റെലിനുണ്ടായത് 29 ശതമാനം ഇടിവായിരുന്നു. സമാനമായ രീതിയില്‍ ജാപ്പനീസ് ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായി.
കോവിഡ് കാലത്തിന് ശേഷമുണ്ടായ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ ജാപ്പനീസ് വിപണിയില്‍ ദൃശ്യമായത്. യൂറോപ്യന്‍ ടെക്നോളജി കമ്പനികള്‍ക്കും ഇന്നലെ കനത്ത നഷ്ടങ്ങള്‍ പേറേണ്ടിവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.