തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ അനിൽ അക്കര.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന് ഫോണിലൂടെ നൽകിയ തത്സമയ പ്രതികരണത്തിലാണ് അനിൽ അക്കര ഇക്കാര്യത്തിലെ സംശയം മുന്നോട്ടുവച്ചത്.അനിൽ അക്കരയുടെ പ്രതികരണം ഇപ്രകാരംഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചത്തുവന്നതിന് ശേഷം നിരവധി നടന്മാർക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയൊക്കെ പേരുണ്ട് എന്നത് ഇനിയും വ്യക്തമല്ല. പരാതിയുമായി മുന്നോട്ട് വന്നവരുടെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതിക്കാരുടെയോ അവർ ആരോപണം ഉന്നയിച്ചവരുടെയോ കാര്യങ്ങൾ ചർച്ചയായിട്ടില്ല.
ഏതൊക്കെ സിനിമാ താരങ്ങൾ നടിമാരോട് മോശമായി പെരുമാറിയെന്നോ പീഡിപ്പിച്ചു എന്നോ ഉള്ള ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനകത്ത് സുരേഷ് ഗോപിയുടെ പേരുണ്ടോ എന്ന സംശയം എനിക്കും പൊതുസമൂഹത്തിനും ബലപ്പെടുന്ന സംഭവമാണ് ഇന്നത്തേത്. അല്ലെങ്കിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ സുരേഷ് ഗോപി ശ്രമിക്കേണ്ട കാര്യമെന്താണ്.
അദ്ദേഹത്തിന് വലിയ കുറ്റബോധമുണ്ട് എന്നാണ് എനിക്ക് തോന്നുന്നതെന്നും അനിൽ അക്കര പറഞ്ഞു.നേരത്തെ തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോടാണ് സുരേഷ് ഗോപി തട്ടിക്കയറിയതും മോശമായി പെരുമാറിയതും.
രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.