കൊച്ചി: വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കേരള കത്തോലിക്കസഭയുടെ നേതൃത്വത്തിൽ 100 വീടുകൾ നിർമ്മിച്ചു നൽകാൻ-
കേരള കത്തോലിക്കാമെത്രാൻ സമിതി (കെസിബിസി) ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെൻറ് തോമസിൽ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദൂരന്തനിവാരണ പദ്ധതിയിൽ പ്രവർത്തിക്കുന്നത്.1. ആദ്യഘട്ടത്തിൽ, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്. ഈ വീടുകൾക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നതുമാണ്.
2. സഭയുടെ ആശുപത്രികളിൽ സേവനംചെയ്യുന്ന വിദഗ്‌ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കുന്നതാണ്.
3. സഭ ഇതിനോടകം നൽകിവരുന്ന ട്രൗമാ കൗൺസിലിംഗ് സേവനം തുടരുന്നതാണ്.
4. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകാൻ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ്റെ കീഴിലാണ് പ്രസ്‌തുത സേവനവിഭാഗം പ്രവർത്തിക്കുന്നത്.
ഈ പ്രവർത്തനങ്ങളെല്ലാം കേരള സർക്കാരിൻ്റെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ നിർദേശങ്ങൾക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്.
വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടൽ മൂലം സർവവും നഷ്‌ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തിൽ കേരള കത്തോലിക്കാസഭ പങ്കുചേരുന്നതായും സഭാ നേതൃത്വം അറിയിച്ചു.
ജീവൻ നഷ്‌ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാദികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാൻ ആശ്വാസവാക്കുകൾ പര്യാപ്‌തമല്ലായെങ്കിലും മലയാളിയുടെ മനസ്സിൻ്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്‌ദാനങ്ങളിലൂടെ പ്രകാശനമായിട്ടുണ്ട്.
സർക്കാരും സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്‌കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേർന്ന് പ്രവർത്തിക്കുവാൻ കേരള കത്തോലിക്കാ സഭ പ്രതാജ്ഞാബദ്ധമാണെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.