ചൂരൽമല: മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ തുടച്ചു നീക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴൽക്കാടുകൾ.
നിക്ഷിപ്ത വനമായ ഈ പ്രദേശം സ്വകാര്യ ഭൂമികളുടെ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ്. നിലമ്പൂർ കോവിലകത്തിന്റെ കൈവശത്തിൽ നിന്ന് ഏറ്റെടുത്ത 2087.94 ഹെക്ടർ വനഭൂമിയാണിത്. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളുമായും ഈ വനം അതിർത്തി പങ്കിടുന്നു.വെള്ളരിമലയുടെ ഒരു ചെരിവാണ് ഈ മേഖല. 10 മുതൽ 15 അടി വരെ വ്യാസത്തിലുള്ള ഉരുളൻ പാറകൾ നിറഞ്ഞ ഈ പ്രദേശത്ത് നിലയ്ക്കാത്ത മഴ പെയ്തതോടെയാണ് സമ്മർദം താങ്ങാനാകാതെ താഴേക്ക് പൊട്ടിയൊഴുകിയത്.
ചാലിയാറിലേക്കൊഴുകുന്ന കൊച്ചരുവിയാണ് ഉരുൾപൊട്ടി പരന്നൊഴുകി പുഴയായി മാറിയത്. ചൂരൽമലയിൽ ശരാശരി 6 മീറ്റർ വീതിയിൽ മാത്രമാണ് അരുവി ഒഴുകിയിരുന്നത്. അതിനു കുറുകെ 10 മീറ്റർ മാത്രം നീളത്തിൽ വലിയ കലുങ്കിന് സമാനമായ ഒരു പാലവും.
ഈ പാലമാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. ഇതിനു പകരമാണ് ഇപ്പോൾ 190 അടി നീളത്തിൽ താൽക്കാലിക ബെയ്‌ലി പാലം നിർമിക്കേണ്ടി വന്നത്. ഉരുൾ പൊട്ടിയെത്തിയ ഉരുളൻ പാറകളും മണ്ണും ജലവും ഭാരതപ്പുഴയുടെയത്രയും വീതിയിലാണ് വീടുകൾ നക്കിത്തുടച്ച് പരന്നൊഴുകിയത്.
അട്ടമലയിൽ നിന്നുള്ള അരണപ്പുഴ, കാന്തൻപാറ മലയിൽ നിന്നുള്ള വെള്ളച്ചാട്ടം, തൊള്ളായിരം കണ്ടിയിൽ നിന്നുള്ള കള്ളാടിപ്പുഴ, ചോലമലയിൽ നിന്നുള്ള മീനാക്ഷിപ്പുഴ, അരണമലയിൽ നിന്നുള്ള നെല്ലിമുണ്ടപ്പുഴ, പച്ചക്കാട് കുന്നിൽ നിന്നുള്ള പുത്തുമലത്തോട്,
വെള്ളരിമലയിൽ നിന്നുള്ള ചൂരൽമലത്തോട് എന്നിവയെല്ലം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കൂടിച്ചേർന്ന് പരപ്പൻപാറ വനമേഖലയിലൂടെ കുത്തിയൊഴുകി നിലമ്പൂരിലെ പോത്തുകല്ല് വഴി ചാലിയാറിലെത്തുകയാണ് ചെയ്യുന്നത്. ഒലിച്ചുപോയത് 21.25 ഏക്കർ.
വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരത്തിലെന്നു വ്യക്തമാക്കി ഐഎസ്ആർഒ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങൾ. 86,000 ചതുരശ്രമീറ്റർ സ്ഥലത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്നും നിരീക്ഷത്തിലുണ്ട്.
ഇത് ഏകദേശം 8.6 ഹെക്ടർ അഥവാ 21.25 ഏക്കർ സ്ഥലം വരും.മുൻപ് ഇതേ സ്ഥലത്ത് ഉരുൾപൊട്ടൽ നടന്നതിന്റെ ശേഷിപ്പുകൾ വ്യക്തമാക്കുന്ന പഴയ ഉപഗ്രഹചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് 2023 മേയിൽ പകർത്തിയ ചിത്രമാണ്. പുതിയ ചിത്രങ്ങൾ റിസാറ്റ് ഉപഗ്രവും പഴയത് കാർട്ടോസാറ്റ്–3 ഉപഗ്രഹവുമാണ് പകർത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.