പാലാ:അധികാരം മനുഷ്യനെ അന്ധനും അൽപ്പനുമാക്കുമെന്ന് ചിലപ്പോഴൊക്കെ മുതിർന്നവർ പറയുന്നത് ശരിയാണ്.
ഏതാണ്ട് നിരവധി വർഷങ്ങളായി സുരേഷ് ഗോപിക്കൊപ്പം നിഴൽ പോലെ കണ്ടിരുന്ന ബിജു പുളിക്കകണ്ടത്തിനെ കേന്ദ്ര മന്ത്രി ആയതിനു ശേഷം കൂടെ കാണുന്നില്ല എന്നത് വാസ്തവമാണ്..ഇപ്പോൾ അതിന്റെ കാരണം സോഷ്യൽ മീഡിയയിലൂടെ തന്നെ പുറത്ത് വീട്ടിരിക്കുകയാണ് പാലാ സ്വദേശിയും സുരേഷ് ഗോപിയുടെ സുഹൃത്തും ബന്ധുവുമായ ബിജു പുളിക്കകണ്ടം..
ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇപ്പോൾ ഞാൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അടുത്ത മാധ്യമസുഹൃത്തുക്കളിൽ...
Posted by Biju Pulickakandam on Wednesday, August 21, 2024
ഇപ്പോൾ ഞാൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അടുത്ത മാധ്യമസുഹൃത്തുക്കളിൽ നിന്നും വരെ...
എന്തേ ബിജുവിനെ ഇപ്പോൾ സുരേഷ് ഗോപിയ്ക്കാപ്പം കാണാത്തതെന്ന് . കേന്ദ്രമന്ത്രിയായപ്പോൾ നിങ്ങൾ തമ്മിൽ അകന്നോയെന്ന് ... സത്യമാണ്. ഒരു നിഴൽ പോലെ കൂടെ നിന്ന ഞാൻ എങ്ങനാ SG യിൽ നിന്നകന്നതെന്ന ചോദ്യം ഞാൻ തന്നെ എന്നോടു ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നു.
സത്യമായും ഞങ്ങൾ തമ്മിലുള്ള അടുപ്പം കൊടുക്കൽവാങ്ങലിൻ്റെ അടിസ്ഥാനത്തിലായിരുന്നില്ല. എന്തും തുറന്നു പറയാനുളള അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിൻ്റെ സ്വഭാവ വിശേഷം കാരണം ഇലക്ഷൻ പ്രചരണ വേളയിൽ അടക്കം പല ദിവസങ്ങളിലും ഊണും കാപ്പിയും മുടങ്ങിയ ഹതഭാഗ്യനാണ് ഈ എളിയവനായ ഞാനും... പക്ഷേ അതെൻ്റെ കടമയായി മാത്രമേ കരുതിയിരുന്നുള്ളൂ... ഒന്നും തിരിച്ചു പ്രതീക്ഷിച്ചിരുന്നുമില്ല.
മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് സൗഹൃദം തുടങ്ങിയത് സുരേഷ് ഗോപി ഒരു പഞ്ചായത്ത് മെമ്പർ പോലും ആകുമെന്ന് പ്രതീക്ഷിച്ചുമല്ലായിരുന്നു. അത്രയ്ക്കായിരുന്നു ഞങ്ങൾ തമ്മിലെ സ്നേഹബന്ധം.
എന്നാൽ ജയത്തിനു ശേഷം അദ്ദേഹത്തിൻ്റെ സ്വഭാവത്തിൽ , പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസം എനിക്കും അനുഭവപ്പെട്ടുവെന്നത് യാഥാർത്ഥ്യമാണ്.
എന്തിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഡെൽഹിക്കു പോയതു പോലും ചാനലുകളിലൂടെയാണ് അറിയേണ്ടി വന്നത്.
തെരഞ്ഞെടുപ്പു വേളയിൽ 3 മാസത്തോളം കുടുംബത്തെ മറന്ന് SG ക്കൊപ്പം തൃശ്ശൂരിൽ ഒരു വീട്ടിൽ ഉണ്ടുറങ്ങി , ഒരേ വാഹനത്തിൽ യാത്ര ചെയ്ത് സഹോദരനെ പോലെ കൂടെ നിന്ന ഒരാളെന്ന നിലയിൽ , പിന്നീട് അദ്ദേഹത്തിൽ നിന്നും മനപൂർവ്വമായി എന്ന് പറയുന്നില്ലായെങ്കിലും ഉണ്ടായ പെരുമാറ്റം എനിക്കത് ഉൾക്കൊള്ളാനായില്ല. മനസ്സിന് വലിയ മുറിവേറ്റുവെന്നത് സത്യം.
അദ്ദേഹത്തിൻ്റെ വിജയത്തിൽ പാർട്ടിയ്ക്കൊപ്പം വളരെ വളരെ ചെറിയ പങ്ക് വഹിക്കുവാൻ എനിക്കും കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്. അത് ഇനി സാക്ഷാൽ സുരേഷ് ഗോപി വിചാരിച്ചാലും ഇല്ലാതാക്കാനുമാവില്ല.
ഒരകലമിട്ട് നിൽക്കുവാനാണ് ഞാനിനി ആഗ്രഹിക്കുന്നത്.
ഇപ്പോൾ അദ്ദേഹത്തെ പൊതിയാൻ , സ്വീകരിക്കാൻ , സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ഒരുപാടൊരുപാട് പേർ മത്സരിക്കുന്നത് കാണുന്നുണ്ട്. സന്തോഷം ..!!!
ഞാനദ്ദേഹത്തെ സ്നേഹിച്ചത് കേന്ദ്രമന്ത്രി പദമോ MP സ്ഥാനമോ സൂപ്പർസ്റ്റാർ പദവിയോ കണ്ടല്ലാ... കൂടെ കണ്ടാലും ഇല്ലെങ്കിലും ആ സ്നേഹം മനസ്സിൽ എക്കാലവും ഉണ്ടാവുക തന്നെ ചെയ്യും.
ഒരു കാര്യം കൂടി, കേന്ദ്രമന്ത്രിയായതിനു ശേഷം തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന വിവാദങ്ങളിലോ അദ്ദേഹത്തിൻ്റെ പ്രതികരണങ്ങളിലോ ഒന്നും എനിക്ക് യാതൊരു പങ്കുമില്ലായെന്നതും എൻ്റെ സാന്നിധ്യമില്ലായെന്നതും എനിക്കാശ്വാസമുള്ള കാര്യമാണ്. അതിൻ്റെ പാപഭാരം എനിക്കു ചുമക്കേണ്ടിയും വന്നില്ല.
അദ്ദേഹത്തിനും രാധിക ചേച്ചിക്കും മക്കൾക്കും എല്ലാ നന്മകളും നേരുന്നു.
പ്രാർത്ഥനകളോടെ ,
_ ബിജു പുളിക്കകണ്ടം , പാലാ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.