കണ്ണൂര്‍: എല്‍.ഡി.എഫ്. മുന്‍ കണ്‍വീനര്‍ ഇ.പി. ജയരാജന് ബി.ജെ.പി. പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്.
കള്ളംപൊളിഞ്ഞപ്പോള്‍ മുഖംരക്ഷിക്കാന്‍ സി.പി.എം. ജയരാജനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ.പിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് താനല്ല പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന് പറഞ്ഞു.
'ജയരാജന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലൈന്‍ നേരത്തേ പ്രകടമാക്കിയിരുന്നു, അത് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയരാജന് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ. അത് ആര്‍ക്ക് വേണ്ടിയാ, ജയരാജന് വേണ്ടിയല്ല.
കാണാന്‍പോകുന്നതും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ന് പുറത്ത് നടക്കുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കിടക്കുന്നതുപോലെ ജയിലില്‍ കിടക്കണ്ടേ.
എത്രകേസില്‍ പ്രതിയാണ് അദ്ദേഹം, എത്രകേസില്‍ ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ലെയ്സണ്‍ വര്‍ക്ക് ആയിരുന്നു ഇ.പി. ജയരാജന് ജാവദേക്കറുമായി നടത്തിയത്. സി.പി.എം. അതിന്റെ ഫലം അനുഭവിക്കുന്നു', സുധാകരന് ആരോപിച്ചു.
കള്ളം പൊളിഞ്ഞപ്പോള്‍ സി.പി.എമ്മിന് മുഖം രക്ഷിക്കണം. അതുകൊണ്ടാണ് ജയരാജനെ പ്രതികൂട്ടില്‍നിര്‍ത്തുന്നത്. സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണത്, ഇതിനപ്പുറം ഒരു അഭിപ്രായം പറയാനില്ല.
ഇത്രയേറെ അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രി രാജ്യത്ത് വേറെയുണ്ടോ. തൃശ്ശൂര്‍ സി.പി.എമ്മിന്റെ വോട്ട് ബി.ജെ.പിക്കാണ് പോയത്. അതെല്ലാം ഈ ലെയ്സണ്‍ വര്‍ക്കിന്റെ റിസള്‍ട്ട് ആയിരുന്നു.
ഇപ്പോള്‍ ജയരാജനെ ഉള്‍ക്കൊള്ളാന്‍ ഇത്തിരി പ്രയാസം വന്നിട്ടുണ്ട്. അദ്ദേഹവും നേതൃത്വവും തമ്മില്‍ പിശക് വന്നിട്ടുണ്ട്. ഇതൊക്കെ പുറത്ത് പറയുമെന്ന് ജയരാജന് ഭീഷണിപ്പെടുത്തിയെന്നാണ് തനിക്ക് കിട്ടിയ അറിവെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.