ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ടി20-യിലെ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ യുവതാരങ്ങൾ ആയുഷ് ബധോനിയും പ്രിയാന്‍ഷ് ആര്യയും.
ശനിയാഴ്ച നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനു വേണ്ടി കളത്തിലിറങ്ങിയ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 286 റണ്‍സാണ്. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
ഇരുവരും സെഞ്ചുറി നേടിയ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് 20 ഓവറില്‍ അടിച്ചെടുത്തത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. ടി20-യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്.
2023 ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 314 റണ്‍സാണ് ഒന്നാമത്.
29 സിക്സറുകളാണ് ബധോനി-പ്രിയാന്‍ഷ് സഖ്യം പറത്തിയത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ഇന്നിങ്സില്‍ ആകെ പിറന്നത് 31 സിക്സറുകളും.
ഇതോടെ ടി20 ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ടീമെന്ന റെക്കോഡ് സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന്റെ പേരിലായി.
മംഗോളിയക്കെതിരേ 26 സിക്സറുകള്‍ നേടിയ നേപ്പാള്‍ ദേശീയ ടീമിന്റെ പേരിലായിരുന്നു നേരത്തേ ഈ റെക്കോഡ്. മത്സരത്തില്‍ പ്രിയാന്‍ഷ് ഒരു ഓവറിലെ ആറു പന്തും സിക്സറിന് പറത്തുകയും ചെയ്തു.
യുവ്രാജ് സിങ്, കിറോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരന് എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ഇതോടെ പ്രിയാന്‍ഷിനായി.
ഐപിഎല്ലില്‍ തിളങ്ങുന്ന ബധോനി, വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് പഴങ്കഥയാക്കുകയും ചെയ്തു. ഒരു ടി20 ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരമെന്ന ഗെയ്ലിന്റെ റെക്കോഡാണ് ബധോനി സ്വന്തമാക്കിയത്.
19 സിക്സുകളാണ് ബധോനിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. 2017-ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡോമിനേറ്റേഴ്സിനെതിരായ മത്സരത്തില്‍ 18 സിക്സറുകളായിരുന്നു ഗെയ്ല് നേടിയത്.
മത്സരത്തില്‍ വെറും 55 പന്തുകള്‍ നേരിട്ട ബധോനി അടിച്ചെടുത്തത് 165 റണ്‍സ്. 50 പന്തുകള്‍ നേരിട്ട പ്രിയാന്‍ഷ് 10 സിക്സടക്കം നേടിയത് 120 റണ്‍സും.
ഐപിഎല്ലിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായ ബധോനി 42 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 634 റണ്‍സടിച്ചിട്ടുള്ള താരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.