ന്യൂഡൽഹി: ബംഗ്ലദേശ് കലാപത്തിൽ ഇന്ത്യാവിരുദ്ധതയുടെ സൂചനയുമായി പുതിയ ചിത്രം പുറത്ത്. ബംഗ്ലദേശ് വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാവിരുദ്ധർ നശിപ്പിച്ചതായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പറഞ്ഞു. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമ തകർത്ത ചിത്രം സമൂഹമാധ്യമത്തിൽ തരൂർ പങ്കുവച്ചു.
‘‘മുജീബ് നഗറിലെ ഷഹീദ് മെമ്മോറിയൽ കോംപ്ലക്‌സിൽ ഇന്ത്യാ വിരുദ്ധർ നശിപ്പിച്ച പ്രതിമകളുടെ ഇത്തരമൊരു ചിത്രങ്ങൾ കാണുന്നതിൽ സങ്കടമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനും ക്ഷേത്രങ്ങൾക്കും ഹിന്ദു ഭവനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്കു പിന്നാലെയാണിത്. സാധാരണക്കാരായ മുസ്‌ലിംകൾ ന്യൂനപക്ഷങ്ങളുടെ വീടുകളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതായി റിപ്പോർട്ടുകൾ വരുമ്പോഴാണു 1971ലെ വിമോചന പ്രതിമകൾ തകർക്കപ്പെട്ടത്’’– തരൂർ എക്സിൽ കുറിച്ചു.
പാക്ക് സേനയുടെ മേജർ ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസി കീഴടങ്ങുന്നതായി ഒപ്പിടുന്നതാണു പ്രതിമയായി ചിത്രീകരിച്ചിരുന്നത്.
മേജർ ജനറൽ നിയാസി 93,000 സൈനികരുമായി ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡിന്റെ അന്നത്തെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന ലഫ്. ജനറൽ ജഗ്ജിത് സിങ് അറോറയ്ക്ക് മുന്നിലാണു കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്. അതേസമയം, ബംഗ്ലദേശിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലും കലാപത്തിലും 450 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.