ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില്‍ ചേര്‍ന്ന് ആറു മണിക്കൂറിനകം പുറത്താക്കി. സന്ദീപ് കുമാറിന്റെ വിവാദപരമായ ഭൂതകാലം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശീദകരണം.
ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍മന്ത്രിയുമായിരുന്ന സന്ദീപ് കുമാര്‍ തന്റെ മുന്കാലം മനഃപൂര്‍വം മറച്ചുവെച്ചതായി ബിജെപി നേതാക്കള്‍ പറഞ്ഞു. 'സന്ദീപ് കുമാര്‍ മുന്‍കാല ജീവിതത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ മറച്ചുവെച്ചതിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്' ഹരിയാണ ബിജെപി ഇന്‍ചാര്‍ജ് സുരേന്ദ്ര പുനിയ പറഞ്ഞു.
വിവാദങ്ങളെ തുടര്‍ന്നാണ് 2016-ല്‍ ഡല്‍ഹി മന്ത്രി സ്ഥാനത്തുനിന്ന് സന്ദീപ് കുമാറിനെ എഎപി നീക്കം ചെയ്തത്. രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളുള്ള സിഡി പുറത്തുവന്നതിന് പിന്നാലെ സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയായിരുന്നു. ലഹരി പാനീയം നല്കി തന്നെ ബലാത്സംഗം ചെയ്തതായി ഒരു യുവതി നല്കിയ പരാതിയില്‍ 2016 സെപ്റ്റബംര്‍ മൂന്നിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നടപടി സ്വീകരിക്കുകയായിരുന്നു.
റേഷന്‍ കാര്‍ഡ് അനുവദിച്ചുനല്‍കാമെന്ന് പറഞ്ഞ് തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുകയുണ്ടായി. 2015-ല്‍ സര്‍ക്കാര്‍ സ്കൂള്‍ തന്റെ ഭാര്യക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നും ഇയാള്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
എഎപിയില്‍നിന്ന് പുറത്തായതിന് ശേഷം 2021-ൽ ഇയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. തുടര്‍ന്ന് ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ പുറത്താക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.