ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ബെംഗളൂരു, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം.
ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതിൽപെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഭരത്പുർ ജില്ലയിലെ ബംഗംഗ പുഴയിൽ ഏഴുപേർ മുങ്ങിമരിച്ചു.
സ്കൂട്ടർ പുഴയിൽ ഒലിച്ചുപോയി രണ്ടുപേർ മരിച്ചു. ജയ്പുർ, കരൗളി, സവായി മധോപുർ, ദൗസ തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മണിക്കൂറുകിൽ ശക്തമായ മഴയാണ് രാജസ്ഥാനിൽ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജൻലാലൽ ശർമ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ഡൽഹിയിലെ ശക്തമായ മഴയ്ക്ക് പിന്നാലെ പഞ്ചാബിലും ഹരിയാണയിലും ഓഗസ്റ്റ് 15 വരെ മഴതുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
ഗുരുഗ്രാമിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ഗതാഗത തടസവും നേരിടുന്നുണ്ട്.
ഗുരുഗ്രാമിലെ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
കർണാടകയിൽ കേന്ദ്രം പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണസേന സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ്.
തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റിന് കഴിഞ്ഞ ദിവസം കേടുപാട് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ അണക്കെട്ടിൽനിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.
ബെംഗളൂരുവിൽ പെയ്ത ശക്തമായ മഴയിൽ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുന്ന നിലയും ഉണ്ടായി.
ബന്നാർഘട്ട റോഡ്, ജയദേവ് അടിപ്പാത തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗത തടസം നേരിടുന്നുണ്ട്. ഓഗസ്റ്റ് 17 വരെ ബെംഗളൂരുവിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.