കോയമ്പത്തൂർ: വർഷങ്ങളായി കേരളത്തിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രക്കാർ നേരിടുന്ന ദുരിതത്തിന് അറുതിയായി. ആത്തുപ്പാലം മുതൽ ഉക്കടം ടൗൺ വരെയുള്ള ഗതാഗതക്കുരുക്കഴിക്കാൻ നിർമിച്ച ഉക്കടം മേൽപാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാടിനു സമർപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉക്കടത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം അദ്ദേഹം പാലത്തിലൂടെ ആദ്യയാത്ര നടത്തി. ഉക്കടത്തു നിന്നു പുറപ്പെട്ട് പൊള്ളാച്ചി റോഡിൽ ഇറങ്ങിയ ശേഷം കുനിയമുത്തൂർ റോഡിലൂടെ വീണ്ടും പാലത്തിലേക്കു കയറി ഉക്കടത്തു തിരിച്ചെത്തിയ ശേഷം കണിയൂരിലേക്കു പോയി.
3.8 കിമീ നീളം ഉക്കടം കുളത്തിനോടു ചേർന്നു നിർമിച്ചിരിക്കുന്ന മേൽപാലത്തിന് 7 റാംപുകളുടെ നീളവും ചേർത്താൽ 3.8 കിലോമീറ്റർ നീളമുണ്ട്. ആത്തുപ്പാലം മുതൽ ഉക്കടം വരെയുള്ള 2.4 കിലോമീറ്റർ കടക്കാൻ ശരാശരി അര മണിക്കൂർ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നര മിനിറ്റിൽ കടക്കാമെന്നു സംസ്ഥാന ഹൈവേ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാലു വരി പാതയിൽ 2 റാംപുകൾ പാലക്കാട് റോഡിലും 2 റാംപുകൾ പൊള്ളാച്ചി റോഡിലും 2 റാംപുകൾ സെൽവപുരം റോഡിലുമാണ്. ഉക്കടം ഭാഗത്തു നിന്നു ചുങ്കം റോഡിലേക്ക് ഇറങ്ങുന്ന റാംപിന്റെ നിർമാണം ഒരു മാസത്തിനകം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു നൽകും. നിലവിൽ 96% പണി പൂർത്തിയായതായി അധികൃതർ അറിയിച്ചു.
കേരളത്തിന് ഏറെ പ്രയോജനം കേരളത്തിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന മേൽപാലമാണിത്. പാലക്കാട് റോഡിനെ കോയമ്പത്തൂർ നഗരവുമായി ബന്ധിപ്പിക്കുന്ന ആത്തുപാലത്തിൽ 40 വർഷം മുൻപു നിർമിച്ച ടോൾഗേറ്റിൽ മലയാളികളുടെ വാഹനങ്ങൾ മാത്രം തടഞ്ഞു നിർത്തിയുള്ള ടോൾക്കൊള്ള തടയാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. രണ്ടു വരി പാലത്തിന് 35 വർഷം ടോൾ പിരിക്കാൻ സംസ്ഥാന ഹൈവേ വകുപ്പ് അനുമതി നൽകിയിരുന്നു.
പാലംപണി കാരണം കുനിയമുത്തൂർ റോഡിൽ നിന്നു ചുണ്ണാമ്പ് കാൽവായ് - പുട്ടുവിക്കി വഴി 8 കിലോമീറ്റർ അധികം ചുറ്റിയാണ് ഭാരവാഹനങ്ങൾ ഉക്കടം ഭാഗത്തേക്കു പ്രവേശിച്ചിരുന്നത്. ലഘുവാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയാണ് ഇത്രയും കാലം നഗരത്തിലേക്ക് എത്തിയത്. 2011ൽ നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതി പൂർത്തിയാകുന്നത് 2024 ഓഗസ്റ്റിലാണ്.
ആദ്യം ആത്തുപ്പാലം മുതൽ ഉക്കടം വരെ പ്രഖ്യാപിച്ച പദ്ധതി പാലംപണി തുടങ്ങി കഴിഞ്ഞപ്പോൾ പാലക്കാട്, പൊള്ളാച്ചി റോഡിലേക്കും നീട്ടിയതോടെയാണു വീണ്ടും വൈകിയത്. സ്ഥലമേറ്റെടുക്കലടക്കം 481.95 കോടി ചെലവിട്ടാണു പാലം നിർമിച്ചത്.
സെൽവപുരം, ഒപ്പണക്കാര സ്ട്രീറ്റ്, ഉക്കടം, തിരുച്ചി റോഡ് ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്കും ഒരേ സമയം റാംപിലൂടെ പാലത്തിലേക്കു കയറാം. മറുഭാഗത്തു പൊള്ളാച്ചി ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും വരുന്ന യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. പാലത്തിനു മുകളിൽ 40 കിലോമീറ്ററും റാംപിൽ 30 കിലോമീറ്ററുമാണു വേഗപരിധി.
പാലത്തിൽ വാഹനങ്ങൾ നിർത്തി ഫോട്ടോ എടുക്കാനോ പ്രകൃതിഭംഗി ആസ്വദിക്കാനോ പാടില്ലെന്നു പൊലീസ് അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ എ.വി.വേലു, എസ്.മുത്തുസ്വാമി, പൊന്മുടി, അൻപിൽ മഹേഷ് പൊയ്യാമൊഴി, ചീഫ് സെക്രട്ടറി ശിവദാസ് മീന, സ്റ്റേറ്റ് ഹൈവേ സെക്രട്ടറി സെൽവരാജ്, ജില്ലാ കലക്ടർ ക്രാന്തികുമാർ പാഡി, മേയർ രംഗനായകി, കോർപറേഷൻ കമ്മിഷണർ എം.ശിവഗുരു പ്രഭാകരൻ, ഹൈവേ വകുപ്പ് സ്പെഷൽ ഓഫിസർ (ടെക്നിക്കൽ) ചന്ദ്രശേഖർ, ചീഫ് എൻജിനീയർ കെ.ജി.സത്യപ്രകാശ്, സൂപ്രണ്ടിങ് എൻജിനീയർ എച്ച്.രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.